യുകെയില്‍ പെന്‍ഷന്‍ സമ്പാദ്യത്തിന് തിരിച്ചടി; ലക്ഷക്കണക്കിന് ജീവനക്കാരെ ബാധിക്കുന്ന നികുതി പരിഷ്‌കാരവുമായി സര്‍ക്കാര്‍

By: 600002 On: Jun 2, 2026, 8:24 AM

 


പ്രസാദ് തീയാടിക്കല്‍


ലണ്ടന്‍: ബ്രിട്ടനില്‍ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ജീവനക്കാരുടെ പെന്‍ഷന്‍ സമ്പാദ്യത്തെ ബാധിക്കുന്ന പുതിയ നികുതി പരിഷ്‌കാരങ്ങള്‍ക്ക് വഴിയൊരുക്കി ചാന്‍സലര്‍ റേച്ചല്‍ റീവ്സ്. ശമ്പളത്തിന്റെ ഒരു ഭാഗം നികുതിരഹിതമായി പെന്‍ഷന്‍ ഫണ്ടിലേക്ക് മാറ്റിവെക്കാന്‍ അനുവദിക്കുന്ന 'സാലറി സാക്രിഫൈസ്' പദ്ധതികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കമാണ് വ്യാപക ആശങ്കയ്ക്ക് ഇടയാക്കുന്നത്.

ലേബര്‍ സര്‍ക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രാബല്യത്തില്‍ വന്നാല്‍ ഏകദേശം 29 ലക്ഷം തൊഴിലാളികളുടെ വിരമിക്കല്‍ സമ്പാദ്യത്തില്‍ ഗണ്യമായ കുറവ് സംഭവിക്കുമെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉയര്‍ന്ന വരുമാനക്കാരെ ലക്ഷ്യമിട്ടാണ് ഈ നടപടി എന്ന ട്രഷറിയുടെ വിശദീകരണമുണ്ടെങ്കിലും, സാധാരണ നികുതിദായകരായ ലക്ഷക്കണക്കിന് ജീവനക്കാരും ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.

നിശ്ചിത വരുമാന പരിധിക്ക് താഴെയുള്ള ആറുലക്ഷത്തിലധികം ജീവനക്കാരെ ഈ മാറ്റം നേരിട്ട് ബാധിക്കുമെന്ന് നികുതി വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഒരു വശത്ത് വിരമിക്കല്‍ കാലത്തേക്കുള്ള സമ്പാദ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കുമ്പോള്‍, മറുവശത്ത് അതിന് തിരിച്ചടിയാകുന്ന നടപടികള്‍ സ്വീകരിക്കുന്നത് പരസ്പരവിരുദ്ധമാണെന്ന് മുന്‍ പെന്‍ഷന്‍ മന്ത്രി സ്റ്റീവ് വെബ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമര്‍ശിച്ചു.

ഈ നികുതി പരിഷ്‌കാരം യുകെയിലെ തൊഴില്‍ വിപണിയെയും ബിസിനസ് മേഖലയെയും സമ്മര്‍ദ്ദത്തിലാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസ്‌കല്‍ സ്റ്റഡീസ് നടത്തിയ പഠനമനുസരിച്ച് ഏകദേശം പത്തുലക്ഷത്തോളം കുടുംബങ്ങള്‍ക്ക് വാര്‍ഷിക വരുമാനത്തില്‍ ഗണ്യമായ നഷ്ടമുണ്ടാകാന്‍ സാധ്യതയുണ്ട്.

കമ്പനികള്‍ക്ക് ജീവനക്കാരുടെ പെന്‍ഷന്‍ വിഹിതത്തിന്മേല്‍ അധിക നികുതി ബാധ്യത വരുന്നതിനാല്‍ ഭാവിയില്‍ ശമ്പള വര്‍ധനവ് കുറയ്ക്കുകയോ മറ്റ് ആനുകൂല്യങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്യാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമാകുന്നതിനിടെ, ജീവനക്കാരുടെയും തൊഴിലുടമകളുടെയും ആശങ്കകള്‍ വര്‍ധിച്ചുവരികയാണ്.