അഴിമതിയും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച ഗുരുതരമായ ആരോപണങ്ങളെത്തുടർന്ന് കാനഡ ക്രിക്കറ്റ് ബോർഡിനെ ICC സസ്പെൻഡ് ചെയ്തു. ഇന്ത്യയിലെ അഹമ്മദാബാദിൽ നടന്ന ഐ.സി.സി ബോർഡ് യോഗത്തിലാണ് കാനഡയുടെ അംഗത്വം റദ്ദാക്കാനുള്ള നിർണായക തീരുമാനമുണ്ടായത്.എങ്കിലും ഐ.സി.സിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ കാനഡയുടെ ദേശീയ ടീമുകൾക്ക് അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകിയിട്ടുണ്ട്.
കൃത്യമായ ഓഡിറ്റ് റിപ്പോർട്ടുകൾ സമർപ്പിക്കുന്നതിലും സാമ്പത്തിക സുതാര്യത ഉറപ്പാക്കുന്നതിലും കാനഡ ക്രിക്കറ്റ് ബോർഡ് പരാജയപ്പെട്ടിരുന്നു. ഇതേത്തുടർന്ന് കഴിഞ്ഞ മേയ് മാസത്തിൽ തന്നെ ഇവർക്കുള്ള ഫണ്ട് ഐ.സി.സി മരവിപ്പിച്ചിരുന്നു. കാനഡ ക്രിക്കറ്റ് ബോർഡിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അഴിമതിയിലും മാച്ച് ഫിക്സിംഗിലും പങ്കുണ്ടെന്ന് പ്രമുഖ മാധ്യമമായ സി.ബി.സി (CBC) റിപ്പോർട്ട് ചെയ്തിരുന്നു. കൂടാതെ, ഈ വർഷം നടന്ന ലോകകപ്പിൽ ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ ഒത്തുകളിച്ചെന്ന ആരോപണത്തിൽ കനേഡിയൻ ക്യാപ്റ്റൻ ദിൽപ്രീത് ബജ്‌വയ്‌ക്കെതിരെ ഐ.സി.സിയുടെ അഴിമതി വിരുദ്ധ വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.
മുൻ ക്രിക്കറ്റ് കാനഡ പ്രസിഡൻ്റിൻ്റെ വീടിന് നേരെ വെടിയുതിർത്ത സംഭവം ഉൾപ്പെടെയുള്ള ഗുണ്ടാവിളയാട്ടങ്ങളും ഭീഷണികളും ഈ വിവാദങ്ങൾക്ക് പിന്നിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. ബോർഡിനെ സസ്പെൻഡ് ചെയ്തെങ്കിലും കളിക്കാരുടെ ഭാവിയെ ഇത് ബാധിക്കില്ല. ഒൻ്റാരിയോയിൽ നടക്കാനിരിക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ കാനഡയ്ക്ക് കളിക്കാം. എന്നാൽ മത്സരങ്ങൾക്കുള്ള ഫണ്ട് ഇനി മുതൽ ഐ.സി.സി നേരിട്ടായിരിക്കും കൈകാര്യം ചെയ്യുക.
ഐ.സി.സിയുടെ തീരുമാനം അപ്രതീക്ഷിതമാണെന്ന് കാനഡ ക്രിക്കറ്റിൻ്റെ ഇടക്കാല ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഭവ്ജിത് ജൗഹർ പറഞ്ഞു. ബോർഡിൻ്റെ ഭരണപരമായ പിഴവുകൾ തിരുത്താനായി മുൻ അത്‌ലറ്റും അഭിഭാഷകയുമായ ദാഷ പെരെഗൂഡോവയുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതി 45 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും. കാനഡ ക്രിക്കറ്റിൻ്റെ ആകെ വരുമാനത്തിൻ്റെ 63 ശതമാനവും ഐ.സി.സി നൽകുന്ന ഗ്രാൻ്റാണ്. ഇതിൻ്െ നേരിട്ടുള്ള നിയന്ത്രണം നഷ്ടപ്പെടുന്നത് കാനഡ ക്രിക്കറ്റിന് വലിയ തിരിച്ചടിയാണ്.