കാനഡയിലെ പ്രയ്‌റി മേഖലകളിൽ വൻകിട ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) ഡാറ്റാ സെൻ്ററുകൾ സ്ഥാപിക്കാനുള്ള വൻകിട ടെക് കമ്പനികളുടെ നീക്കത്തിനെതിരെ പ്രാദേശിക ജനവിഭാഗങ്ങളിൽ നിന്നും പരിസ്ഥിതി പ്രവർത്തകരിൽ നിന്നും ശക്തമായ പ്രതിഷേധം. ഈ കേന്ദ്രങ്ങൾ വലിയ തോതിൽ വൈദ്യുതിയും വെള്ളവും ഉപയോഗിക്കുന്നത് കടുത്ത വിഭവക്ഷാമത്തിനും പരിസ്ഥിതി ആഘാതത്തിനും കാരണമാകുമെന്നാണ് ഇവരുടെ പ്രധാന ആശങ്ക.
കാനഡയിലെ മാനിറ്റോബ, സസ്കാച്ചെവൻ, ആൽബർട്ട എന്നീ പ്രവിശ്യകളാണ് ഡാറ്റാ സെൻ്ററുകൾക്കായി കമ്പനികൾ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടുത്തെ തണുത്ത കാലാവസ്ഥയും ഭൂഗർഭജലത്തിൻ്റെ ലഭ്യതയും വലിയ കമ്പ്യൂട്ടിംഗ് സംവിധാനങ്ങൾ തണുപ്പിച്ചു നിർത്താൻ ഏറെ സഹായകരമാണ്. രാജ്യത്തിൻ്റെ ഡിജിറ്റൽ മുന്നേറ്റത്തിന് ഈ കേന്ദ്രങ്ങൾ അത്യാവശ്യമാണെന്നാണ് കമ്പനികളുടെ വാദം.
മാനിറ്റോബയിലെ 'ഈൽ ഡെ ഷെൻ' എന്ന സ്ഥലത്ത് നിർദ്ദിഷ്ട ഡാറ്റാ സെൻ്ററിനെതിരെ പതിമൂവായിരത്തോളം പേർ ഒപ്പിട്ട നിവേദനം തയ്യാറായിക്കഴിഞ്ഞു. വിന്നിപെഗിൽ ബെൽ കാനഡ കമ്പനി സ്ഥാപിക്കുന്ന ചെറിയ ഡാറ്റാ സെൻ്ററിനെതിരെ പോലും ലിയോണ ഗോല്ലുബ് എന്ന ഹൈസ്കൂൾ വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ ഒപ്പുശേഖരണം നടക്കുന്നുണ്ട്. പരിസ്ഥിതിയെ മറന്നുകൊണ്ടുള്ള ഇത്തരം വികസനങ്ങൾക്കെതിരെ യുവാക്കൾക്കിടയിൽ പ്രതിഷേധം ശക്തമാണ്. മാനിറ്റോബയെ ഒരു വലിയ ഡാറ്റാ ഹബ്ബാക്കി മാറ്റാൻ നേരത്തെ താല്പര്യം കാണിച്ചിരുന്ന പ്രീമിയർ വാബ് കിന്യൂ ഇപ്പോൾ തൻ്റെ നിലപാടിൽ മാറ്റം വരുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ മനുഷ്യന് വേണ്ടിയാകണമെന്നും നൂറുകണക്കിന് മെഗാവാട്ട് വൈദ്യുതി ഇത്തരം കേന്ദ്രങ്ങൾക്കായി മാത്രം മാറ്റിവെക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'കൺസെൻസസ് കോർ ടെക്നോളജീസ്' വിന്നിപെഗിന് സമീപം വലിയൊരു കേന്ദ്രം സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇത് വഴി 500 ഓളം പേർക്ക് ജോലി ലഭിക്കുമെന്നും കാനഡയുടെ ഡാറ്റാ സുരക്ഷിതത്വം വർദ്ധിക്കുമെന്നും കമ്പനി സി.ഇ.ഒ വെയ്ൻ ലോയ്ഡ് പറഞ്ഞു. ശുദ്ധജലം പാഴാക്കാത്ത അത്യാധുനിക സംവിധാനമാണ് തങ്ങൾ ഉപയോഗിക്കുകയെന്നും അദ്ദേഹം അവകാശപ്പെട്ടു. ആൽബർട്ടയിൽ പ്രശസ്ത നിക്ഷേപകൻ കെവിൻ ഒ ലിയറിയുടെ പിന്തുണയോടെ 'വണ്ടർ വാലി' എന്ന പേരിൽ 70 ബില്യൺ ഡോളറിൻ്റെ ഭീമൻ എ.ഐ പാർക്ക് നിർമ്മിക്കാൻ ഒരുങ്ങുകയാണ്. ഇതിന് പ്രവിശ്യാ സർക്കാർ പരിസ്ഥിതി ആഘാത പഠനത്തിൽ നിന്ന് ഇളവ് നൽകിയത് വലിയ ചർച്ചയായിട്ടുണ്ട്.