ചൈനീസ് നിർമ്മിത ഇലക്ട്രിക് വാഹനങ്ങൾ കനേഡിയൻ വിപണിയിലേക്ക് എത്തിത്തുടങ്ങി. കാനഡ സർക്കാരിൻ്റെ കണക്കുകൾ പ്രകാരം മേയിൽ 2,910 ചൈനീസ് ഇലക്ട്രിക് കാറുകളാണ് രാജ്യത്തെത്തിയത്. ജനുവരിയിൽ പ്രധാനമന്ത്രി മാർക്ക് കാർണി നടത്തിയ ചൈനീസ് സന്ദർശനത്തിനിടെ ഒപ്പു വച്ച പുതിയ നികുതി ഇളവ് കരാറിൻ്റെ ഭാഗമായാണ് കാറുകളുടെ ഇറക്കുമതി തുടങ്ങിയത്. പകരമായി, കാനഡയിൽ നിന്നുള്ള കനോലയുടെ ഇറക്കുമതി തീരുവ കുറയ്ക്കാൻ ചൈനയും സമ്മതിച്ചിരുന്നു.
2024-ൽ ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ 100% നികുതി ചുമത്തിയിരുന്നു. എന്നാൽ പുതിയ കരാർ പ്രകാരം പ്രതിവർഷം 49,000 വാഹനങ്ങൾക്ക് വെറും 6.1% നികുതി മാത്രമാണ് ഈടാക്കുക. ആദ്യ ആറ് മാസത്തേക്ക് 24,500 കാറുകൾ എന്ന പരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഔദ്യോഗികമായി ബ്രാൻഡുകളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും, ചൈനയിൽ നിർമ്മിച്ച ടെസ്‌ല കാറുകളായിരിക്കും ഭൂരിഭാഗവുമെന്നാണ് സൂചന.
ഈ നീക്കം കാനഡയിലെ വാഹന വിപണിയെ മാറ്റിമറിക്കുമെന്നാണ് വിദഗ്ദ്ധർ കരുതുന്നത്. ചൈനീസ് കമ്പനികളുടെ വരവോടെയുണ്ടാകുന്ന മത്സരം ഇലക്ട്രിക് കാറുകളുടെ വില കുറയ്ക്കാൻ വിപണിയെ പ്രേരിപ്പിക്കും.ഷെവർലെ ബോൾട്ട് പോലെയുള്ള മോഡലുകളുടെ വില ഇതിനകം തന്നെ കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഇറാനിലെ യുദ്ധം കാരണം കാനഡയിൽ ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഇലക്ട്രിക് കാറുകളിലേക്ക് മാറാൻ ആളുകൾക്ക് താല്പര്യമേറും. കൂടാതെ, ഇലക്ട്രിക് വാഹനങ്ങൾക്കുള്ള സബ്‌സിഡികൾ കാനഡ സർക്കാർ വീണ്ടും പുനഃസ്ഥാപിച്ചതും സാധാരണക്കാർക്ക് വലിയ ആശ്വാസമാകും.
അതേസമയം, കാനഡയിലെ പ്രാദേശിക വാഹന നിർമ്മാതാക്കൾ ഈ തീരുമാനത്തിൽ കനത്ത ആശങ്ക രേഖപ്പെടുത്തുന്നുണ്ട്. കുറഞ്ഞ വിലയിലുള്ള ചൈനീസ് കാറുകളുടെ വരവ് കാനഡയിലെ ആഭ്യന്തര വാഹന വ്യവസായത്തെ തകർക്കുമെന്ന് 'കനേഡിയൻ വെഹിക്കിൾ മാനുഫാക്ചറേഴ്സ് അസോസിയേഷൻ' മുന്നറിയിപ്പ് നൽകി. ചൈനീസ് വാഹനങ്ങളിലെ സാങ്കേതികവിദ്യ കാനഡക്കാരുടെ വ്യക്തിഗത വിവരങ്ങൾ ചോർത്തുന്നതിലേക്ക് നയിച്ചേക്കാമെന്നും അവർ വ്യക്തമാക്കി. ഉപഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച വാഹനങ്ങൾ തിരഞ്ഞെടുക്കാനുള്ള അവസരമായാണ് പുതിയ തീരുമാനത്തെ അനുകൂലിക്കുന്നവർ ഇതിനെ കാണുന്നത്. എന്നാൽ രാജ്യത്തിന്റെ സുരക്ഷയ്ക്കും വ്യവസായത്തിനും ഇത് ഭീഷണിയാണെന്ന് എതിർക്കുന്നവർ വാദിക്കുന്നു.