കാനഡയിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഡ്രംഹെല്ലറിലേക്ക് ആൽബർട്ടയിലെ കാൽഗറി നഗരത്തിൽ നിന്നും പുതിയ നേരിട്ടുള്ള ബസ് സർവീസുകൾ തുടങ്ങി. പ്രമുഖ അന്താരാഷ്ട്ര ബസ് ഓപ്പറേറ്ററായ ഫ്ലിക്സ് ബസ് ആണ് സർവ്വീസ് തുടങ്ങിയത്. സ്വന്തമായി വാഹനമില്ലാത്ത യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും കുറഞ്ഞ ചെലവിൽ യാത്ര സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സർവീസ് ആരംഭിച്ചിരിക്കുന്നത്.
ഡ്രംഹെല്ലറിലെ പ്രധാന ടൗൺ സെൻ്ററിലും ലോകപ്രശസ്തമായ 'റോയൽ ടിറെൽ മ്യൂസിയത്തിലും' ഈ ബസിന് സ്റ്റോപ്പുകൾ ഉണ്ടായിരിക്കും. പെട്രോൾ വില വർദ്ധനവ് മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് 20 ഡോളറിൽ താഴെ മാത്രം ടിക്കറ്റ് നിരക്കുള്ള ഈ പുതിയ യാത്രാ സൗകര്യം വലിയ സാമ്പത്തിക ആശ്വാസം നൽകുമെന്നാണ് റിപ്പോർട്ട്. ഇതിനുപുറമെ, ഈ മേഖലയിലെ വിനോദസഞ്ചാരം കൂടുതൽ സുഗമമാക്കുന്നതിനായി ജൂൺ 26 മുതൽ 'വാലി കണക്റ്റ്' എന്ന പേരിൽ തികച്ചും സൌജന്യമായ ഹോപ്പ്-ഓൺ, ഹോപ്പ്-ഓഫ് ഷട്ടിൽ സർവീസുകളും ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഡ്രംഹെല്ലർ ഹൂഡൂസ്, അറ്റ്ലസ് കോൾ മൈൻ നാഷണൽ ഹിസ്റ്റോറിക് സൈറ്റ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ സൌജന്യ ഷട്ടിൽ സർവീസ് പ്രവർത്തിക്കുക. വർഷം തോറും അഞ്ച് ലക്ഷത്തിലധികം സഞ്ചാരികളെ ആകർഷിക്കുന്ന കനേഡിയൻ ബാഡ്‌ലാൻഡ്‌സ് മേഖലയുടെ സാമ്പത്തിക വളർച്ചയ്ക്കും പ്രാദേശിക വികസനത്തിനും പുതിയ പൊതുഗതാഗത സൗകര്യങ്ങൾ വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്ന് ട്രാവൽ ആൽബർട്ടയും വ്യക്തമാക്കി.