കാനഡയിൽ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവും ഭക്ഷ്യവിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന ജനങ്ങൾക്ക് ആശ്വാസവുമായി ഫെഡറൽ സർക്കാർ. നിലവിലുള്ള ജി.എസ്.ടി/എച്ച്.എസ്.ടി ക്രെഡിറ്റ് സംവിധാനത്തിന് പകരമായി 'കാനഡ ഗ്രോസറീസ് ആൻഡ് എസൻഷ്യൽസ് ബെനഫിറ്റ്' (CGEB) എന്ന പേരിൽ പുതിയ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുകയാണ് ഭരണകൂടം. ഇതിൻ്റെ ഭാഗമായി യോഗ്യരായ കനേഡിയൻ പൗരന്മാർക്ക് ജൂൺ 5 മുതൽ ഒറ്റത്തവണയായി പ്രത്യേക ടോപ്പ്-അപ്പ് തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭ്യമാകും.
കുറഞ്ഞ വരുമാനമുള്ള 1.2 കോടിയിലധികം ജനങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഈ പുതിയ പദ്ധതി പ്രകാരം ജൂലൈ മാസം മുതൽ അടുത്ത അഞ്ച് വർഷത്തേക്ക് ത്രൈമാസ പേയ്മെൻ്റുകളിൽ 25 ശതമാനം വർദ്ധനവ് രേഖപ്പെടുത്തും. ജൂണിൽ ലഭിക്കുന്ന ഒറ്റത്തവണ സഹായവും തുടർന്ന് ലഭിക്കുന്ന വർദ്ധനവും ഉൾപ്പെടെ ഒരു സാധാരണ നാലംഗ കുടുംബത്തിന് 2026-ൽ 1,890 ഡോളർ വരെയും, ഒറ്റയ്ക്ക് താമസിക്കുന്ന വ്യക്തിക്ക് 950 ഡോളർ വരെയും ധനസഹായം ലഭിക്കുമെന്ന് കാനഡ റവന്യൂ ഏജൻസി വ്യക്തമാക്കി. 2024-ലെ നികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കുകയും ജി.എസ്.ടി ആനുകൂല്യങ്ങൾക്ക് അർഹത നേടുകയും ചെയ്തവർക്ക് ഈ തുക നേരിട്ട് ലഭ്യമാകും. അക്കൗണ്ടുകളിൽ ഈ തുക ജി.എസ്.ടി ക്രെഡിറ്റ് എന്ന പേരിൽ തന്നെയാണ് ലഭിക്കുക.