കാനഡയിലെ യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന വേപ്പിംഗ് അഥവാ ഇലക്ട്രോണിക് സിഗരറ്റ് ഉപയോഗത്തിന് തടയിടാൻ ഫെഡറൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആരോഗ്യ സംഘടനകൾ ആവശ്യപ്പെട്ടു. ലോക പുകയിലവിരുദ്ധ ദിനത്തിന് മുന്നോടിയായി ഓട്ടവയിൽ ചേർന്ന ദ്വിദിന യോഗത്തിലാണ് ഈ നിർദ്ദേശം ഉയർന്നുവന്നത്.
വരുംതലമുറയെ മാരകമായ ലഹരിയിൽ നിന്ന് രക്ഷിക്കുന്നതിനായി, 2045-ഓടെ രാജ്യത്തെ നിക്കോട്ടിൻ ഉപയോഗം ആകെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെയായി കുറയ്ക്കണമെന്നാണ് കനേഡിയൻ സർക്കാരിനോട് ആരോഗ്യ പ്രവർത്തകർ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത്. യുവാക്കൾക്കിടയിലെ ഇത്തരമൊരു പ്രവണത വരുംകാലങ്ങളിൽ അവരെ യഥാർത്ഥ സിഗരറ്റ് ഉപയോഗത്തിലേക്ക് നയിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകുന്നു.
കഴിഞ്ഞ 26 വർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ പുകയില ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 50 ലക്ഷത്തോളം കുറവുണ്ടായി എന്നത് ആശ്വാസകരമാണ്. എങ്കിലും വേപ്പിംഗ് ഉൽപ്പന്നങ്ങളുടെ കടന്നുകയറ്റം സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നുവെന്ന് ‘ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്ത്’ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ലെസ് ഹേഗൻ ചൂണ്ടിക്കാട്ടി.
25 വയസ്സിന് താഴെയുള്ളവരിൽ നിക്കോട്ടിൻ ഉപയോഗം കുത്തനെ ഉയരുന്നത് വലിയ ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. ഈ പ്രതിസന്ധി മറികടക്കാൻ വേപ്പിംഗ് ഉൽപ്പന്നങ്ങളുടെ ആകർഷകമായ ഫ്ലേവറുകൾക്ക് നിരോധനം ഏർപ്പെടുത്തുക, പാക്കറ്റുകളിൽ വലിയ ആരോഗ്യ മുന്നറിയിപ്പുകൾ നിർബന്ധമാക്കുക, ഓൺലൈൻ വഴിയുള്ള വിൽപന പൂർണ്ണമായി തടയുക തുടങ്ങിയ ശക്തമായ നിയമനടപടികൾ സർക്കാർ ഉടൻ നടപ്പിലാക്കണമെന്നും ആരോഗ്യ മേഖലയിലെ വിദഗ്ദ്ധർ ആവശ്യപ്പെട്ടു.