പി പി ചെറിയാന്‍
ഡാലസ്: നോര്‍ത്ത് അമേരിക്കന്‍-യൂറോപ്പ് ഭദ്രാസന യൂത്ത് ചാപ്ലിനായി ചുമതലയേറ്റ ശേഷം ആദ്യമായി സന്ദര്‍ശനത്തിനെത്തിയ റവ. അരുണ്‍ സാമുവല്‍ വര്‍ഗീസിനും ഷാരോണ്‍ കൊച്ചമ്മയ്ക്കും ഡാലസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവകയുടെ നേതൃത്വത്തില്‍ ഊഷ്മളമായ സ്വീകരണം നല്‍കി.
മെയ് 31 ഞായറാഴ്ച ഇടവകയില്‍ നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് അരുണ്‍ അച്ചന്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി റവ. റെജിന്‍ രാജു,മുതിര്‍ന്ന പട്ടക്കാരന്‍ റവ. ടി. ജെ. ജോസഫ് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം നടന്ന ലളിതമായ സ്വീകരണച്ചടങ്ങില്‍ ഇടവക സെക്രട്ടറി സോജി സ്‌കറിയ സ്വാഗതം ആശംസിച്ചു. വികാരി റവ. റെജിന്‍ രാജു അധ്യക്ഷത വഹിച്ചു. ഡാലസില്‍ വളരുകയും ഡാലസ് ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമാ ഇടവകാംഗവുമായിരുന്ന അരുണ്‍ അച്ചന്‍, യു.എന്‍.ടി സര്‍വകലാശാലയില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം കുറച്ചു വര്‍ഷങ്ങള്‍ ജോലി ചെയ്തിരുന്നു.
തുടര്‍ന്ന് പ്രാദേശികമായും മെക്‌സിക്കോയിലും സഭയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കാളിയാകുകയും, പൂര്‍ണ്ണസമയ ശുശ്രൂഷയ്ക്കായുള്ള ദൈവവിളി തിരിച്ചറിഞ്ഞ് വൈദികപട്ടത്തിലേക്ക് പ്രവേശിക്കുകയുമാണുണ്ടായത്. 2017-ല്‍ അദ്ദേഹം വൈദികനായി അഭിഷിക്തനായി.
തുടര്‍ന്ന് കറ്റാനം സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ച് അസിസ്റ്റന്റ് വികാരി, ലോസ് ആഞ്ചലസ് ഹോറെബ് മാര്‍ത്തോമാ ചര്‍ച്ച് വികാരി, ന്യൂജേഴ്‌സി സെന്റ് സ്റ്റീഫന്‍സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ ഫിലാഡല്‍ഫിയയില്‍ സഭയുടെ മൂന്നാമത്തെ സമ്പൂര്‍ണ്ണ ഇംഗ്ലീഷ് ഇടവകയായ കോര്‍ണര്‍സ്റ്റോണ്‍ മാര്‍ത്തോമാ ചര്‍ച്ചിന്റെ രൂപീകരണത്തിന് നേതൃത്വം നല്‍കിയതും അരുണ്‍ അച്ചനാണ്. റജിന് രാജു അച്ചന്‍ ആമുഖ പ്രസംഗത്തില്‍ പറഞ്ഞു
യൂത്ത് ചാപ്ലിനായി പുതിയ ചുമതലയേറ്റ അച്ചന് ഇടവകാംഗങ്ങള്‍ എല്ലാവിധ ഭാവുകങ്ങളും നേര്‍ന്നു. സമ്മേളനത്തില്‍ അരുണ്‍ അച്ചന്‍ തനിക്ക് ലഭിച്ച സ്വീകരണത്തിന് സമുചിതമായ നന്ദിയും മറുപടിയും രേഖപ്പെടുത്തി. തുടര്‍ന്ന് റവ. ടി. ജെ. ജോസഫ് അച്ചന്റെ പ്രാര്‍ത്ഥനയ്ക്കും ആശീര്‍വാദത്തിനും ശേഷം യോഗം മംഗളകരമായി സമാപിച്ചു.