പി പി ചെറിയാന്‍
അലബാമ: അലബാമയില്‍ തീവ്രപരിചരണവും പ്രത്യേക പരിചരണവും ആവശ്യമായിരുന്ന 17 മാസം പ്രായമുള്ള മകനെ ഫീഡിങ് ട്യൂബിലൂടെ മാരകമായ ദ്രാവകം നല്‍കി അമ്മ കൊലപ്പെടുത്തിയതായി പോലീസ്. കേസില്‍ 22-കാരിയായ കെയ്റ്റ്ലിന്‍ ഡൊമിനിക്ക് എന്ന യുവതിയെ വ്യാഴാഴ്ച പോലീസ് അറസ്റ്റ് ചെയ്തു.
സാരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്ന പാട്രിക് എന്ന കുഞ്ഞിന് ഭക്ഷണ ഉപ്പും മറ്റൊരു ദ്രാവകവും കലര്‍ത്തിയ മിശ്രിതമാണ് നല്‍കിയതെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. കേസിന്റെ പ്രാഥമിക കോടതി വാദം ജൂണ്‍ 9-ന് നടക്കും.
യുവതി നല്‍കിയ ദ്രാവകം മൂലമുണ്ടായ ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുഞ്ഞ് അടുത്ത ദിവസം പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. ലാബ് പരിശോധനാ ഫലങ്ങളില്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍ യുവതി പരസ്പരവിരുദ്ധമായ മറുപടികളാണ് നല്‍കിയതെന്നും, ഒടുവില്‍ കുഞ്ഞിന് ദ്രാവകം നല്‍കിയ കാര്യം സമ്മതിച്ചതായും പോലീസ് അറിയിച്ചു.
'ഇത് കുഞ്ഞിന് ദോഷം ചെയ്യുമെന്ന് അവര്‍ക്ക് കൃത്യമായി അറിയാമായിരുന്നുവെന്നാണ് കരുതുന്നത്.' - അസിസ്റ്റന്റ് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി തെരേസ ഹെയ്ന്‍സ് പ്രതികരിച്ചു.
മനഃപൂര്‍വമല്ലാത്ത നരഹത്യ, കടുത്ത ശിശു പീഡനം എന്നീ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ 75,000 ഡോളര്‍ ബോണ്ടില്‍ താല്‍ക്കാലികമായി ജാമ്യത്തിലിറങ്ങിയ യുവതിയെ ജി.പി.എസ് നിരീക്ഷണത്തോടെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണ്. 18 വയസ്സിന് താഴെയുള്ള കുട്ടികളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിനും വിലക്കുണ്ട്.