കാൻസർ ബാധിച്ച് ജീവിതം പ്രതിസന്ധിയിലായ സാഹചര്യത്തിലും ലോകത്തിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ എവറസ്റ്റ് കീഴടക്കി കനേഡിയൻ വനിത ചരിത്രം കുറിച്ചു. എക്സർസൈസ് സൈക്കോളജിസ്റ്റും ഗവേഷകയുമായ ഡോ. ഷോണ ബർക്ക് ആണ് രോഗാവസ്ഥയെ ധീരമായി നേരിട്ട് ഈ അസാധാരണ നേട്ടം കൈവരിച്ചത്. കാൻസർ രോഗികൾക്കുള്ള ധനസമാഹരണവും അവർക്ക് ആത്മവിശ്വാസം നൽകുകയുമായിരുന്നു ഈ യാത്രയുടെ ലക്ഷ്യം.
യഥാർത്ഥത്തിൽ ക്യൂബെക്ക് സ്വദേശിയും നിലവിൽ ഇംഗ്ലണ്ടിൽ താമസക്കാരിയുമായ ഷോണയ്ക്ക് 2024-ലാണ് സ്തനാർബുദം സ്ഥിരീകരിക്കുന്നത്. രോഗം ഭേദമാക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കിയെങ്കിലും, ജീവിതത്തോടുള്ള പ്രതീക്ഷ കൈവിടാതെ ഭൂമിയിലെ ഏറ്റവും കഠിനമായ വെല്ലുവിളി ഏറ്റെടുക്കാൻ അവർ തീരുമാനിക്കുകയായിരുന്നു. മരണഭയത്തെ മറികടക്കാനും ഓരോ നിമിഷവും പൂർണ്ണമായി ജീവിക്കാനും ഈ യാത്ര തനിക്ക് കരുത്തുനൽകിയെന്ന് അവർ പറഞ്ഞു.
2005-ൽ ഷോണ എവറസ്റ്റ് കീഴടക്കിയിട്ടുണ്ടെങ്കിലും, ഇത്തവണത്തെ യാത്ര മറ്റുള്ളവർക്ക് പ്രചോദനമേകാൻ വേണ്ടിയായിരുന്നു. ജീവൻ നിലനിർത്താൻ ആവശ്യമായ ഓക്സിജൻ പോലുമില്ലാത്ത, 8,000 മീറ്ററിന് മുകളിലുള്ള 'ഡെത്ത് സോണിൽ' ഒരു രാത്രി ചെലവഴിച്ച ശേഷമാണ് അവർ പുലർച്ചെ മൂന്ന് മണിക്ക് കൊടുമുടിയിൽ എത്തിയത്.
യുകെയിലെ 'മാക്മില്ലൻ കാൻസർ സപ്പോർട്ട്' എന്ന സംഘടനയ്ക്കായി ഫണ്ട് ശേഖരിക്കുന്നതിനൊപ്പം, കുറഞ്ഞ ഓക്സിജൻ അളവ് കാൻസർ കോശങ്ങളുടെ വളർച്ചയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഗവേഷണവും ഈ യാത്രയുടെ ഭാഗമാണ്.കാൻസർ രോഗികളിൽ കായികക്ഷമതയും വ്യായാമവും വരുത്തുന്ന നല്ല മാറ്റങ്ങളെക്കുറിച്ച് പഠിക്കുന്ന 'എക്സർസൈസ് ഓങ്കോളജി' (Exercise Oncology) എന്ന മേഖലയിലാണ് ഷോണ ഗവേഷണം നടത്തുന്നത്. കഠിനമായ രോഗാവസ്ഥയിലും ലക്ഷ്യങ്ങൾ മാറ്റിവെക്കാതെ മുന്നോട്ട് പോകാൻ തൻ്റെ വിജയം മറ്റുള്ളവർക്ക് പ്രചോദനമാകുമെന്ന് ഷോണ ബർക്ക് പ്രത്യാശിക്കുന്നു. അസാധ്യമായ ഒന്നുമില്ലെന്ന് തെളിയിച്ച ഷോണയുടെ കഥ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ഇപ്പോൾ കരുത്താകുന്നത്.