സംയുക്തമായി ഡ്രോണുകൾ നിർമ്മിക്കാനുള്ള പുതിയ കരാറിൽ കാനഡയും യുക്രെയ്നും ഒപ്പുവെച്ചു. ഓട്ടവയിൽ നടന്ന പ്രമുഖ പ്രതിരോധ പ്രദർശനമായ 'കാൻസെക്' വേദിയിൽ വച്ച് ഇരുരാജ്യങ്ങളുടെയും പ്രതിരോധ മന്ത്രിമാരുടെ സാന്നിധ്യത്തിലാണ് കരാർ ഒപ്പിട്ടത്. യുക്രെയ്നും കാനഡയും തമ്മിൽ വർദ്ധിച്ച് വരുന്ന സൈനിക സഹകരണത്തിന് അടിവരയിടുന്നതാണ് ഈ നീക്കം.
യുക്രെയ്നിയൻ കമ്പനിയായ 'എയർലോജിക്സ്', ഹാമിൽട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കനേഡിയൻ കമ്പനിയായ 'സെൻ്റിനൽ ആർ ആൻഡ് ഡി' എന്നിവർ ചേർന്നാണ് ഡ്രോണുകൾ നിർമ്മിക്കുന്നത്. കാനഡയിൽ വച്ച് നിർമ്മിക്കുന്ന ഈ അത്യാധുനിക ഡ്രോൺ സംവിധാനങ്ങൾ ഉടനടി യുക്രെയ്ൻ സൈന്യത്തിന് കൈമാറും. പ്രതിരോധ സാങ്കേതികവിദ്യകൾ സംയുക്തമായി വികസിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും ഒപ്പുവെച്ച പ്രാഥമിക ധാരണാപത്രത്തിൻ്റെ തുടർച്ചയായാണ് ഈ പുതിയ കരാർ.
കാനഡയിലെയും യുക്രെയ്നിലെയും പ്രമുഖ പ്രതിരോധ കമ്പനികൾ ചേർന്നാണ് ഡ്രോണുകൾ വികസിപ്പിക്കുന്നത്. യുക്രെയ്ന് അത്യാധുനിക സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിനൊപ്പം കാനഡയുടെ പ്രതിരോധ മേഖലയ്ക്ക് ഈ കരാർ വലിയ ഉത്തേജനമാകും. നിലവിലെ റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഡ്രോണുകളാണ് ഏറ്റവും നിർണ്ണായക പങ്കുവഹിക്കുന്നത്. യുദ്ധത്തിലെ ഭൂരിഭാഗം നാശനഷ്ടങ്ങൾക്കും കാരണം ഡ്രോൺ ആക്രമണങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
യുദ്ധത്തിൽ ഡ്രോണുകളുടെ പ്രാധാന്യത്തെക്കുറിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വൊളോഡിമിർ സെലൻസ്കി പലപ്പോഴായി ഊന്നിപ്പറഞ്ഞിരുന്നു. കാനഡ ഇതിനകം തന്നെ യുക്രെയ്ന് ആയുധങ്ങളും സൈനിക പരിശീലനവും ഉൾപ്പെടെയുള്ള സഹായങ്ങൾ നൽകിവരുന്നുണ്ട്. പുതിയ ഡ്രോൺ നിർമ്മാണ കരാറോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതൽ ശക്തമാവുകയാണ്. കാനഡയിൽ നിർമ്മിക്കുന്ന ഡ്രോണുകൾ ഉടൻ തന്നെ യുദ്ധമുഖത്ത് എത്തിക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന.