ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്തി 250 ഡോളര്‍ നോട്ടിന് നീക്കം; അമേരിക്കയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ ശക്തം

By: 600002 On: May 30, 2026, 11:08 AM

 


പ്രസാദ് തീയാടിക്കല്‍

 

വാഷിംഗ്ടണ്‍: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രം ഉള്‍പ്പെടുത്തിയ 250 ഡോളര്‍ നോട്ടിനായുള്ള നടപടികള്‍ പുരോഗമിക്കുന്നതായി യുഎസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസ്സെന്റ് അറിയിച്ചു.

അമേരിക്കയുടെ 250-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി പുതിയ നോട്ടിന്റെ രൂപകല്‍പ്പന പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. പ്രാഥമിക ഡിസൈന്‍ തയ്യാറാക്കിയിട്ടുണ്ടെന്നും വിഷയത്തില്‍ കോണ്‍ഗ്രസിന്റെ അനുമതി ആവശ്യമായിരിക്കുമെന്നും ട്രഷറി വൃത്തങ്ങള്‍ വ്യക്തമാക്കി.

നിലവിലെ അമേരിക്കന്‍ നിയമപ്രകാരം ജീവിച്ചിരിക്കുന്ന വ്യക്തികളുടെ ചിത്രം കറന്‍സിയില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല. അതിനാല്‍ നിയമഭേദഗതി കൂടാതെയോ കോണ്‍ഗ്രസ് അംഗീകാരം കൂടാതെയോ പദ്ധതി നടപ്പിലാക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

പ്രസ്താവന പുറത്ത് വന്നതോടെ അമേരിക്കന്‍ രാഷ്ട്രീയരംഗത്ത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുങ്ങിയത്. ട്രംപ് അനുകൂലികള്‍ ഇത് ചരിത്രപരമായ തീരുമാനമാകുമെന്ന് അഭിപ്രായപ്പെടുമ്പോള്‍ വിമര്‍ശകര്‍ അമേരിക്കന്‍ കറന്‍സി പാരമ്പര്യത്തിന് വിരുദ്ധമാണെന്നാണ് ആരോപിക്കുന്നത്.