ട്രെയിനിടിച്ചു മരിച്ച യുവാവിന്റെ മൊബൈല്‍ മോഷ്ടിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

By: 600007 On: Oct 9, 2021, 5:50 PM

ട്രെയിന്‍ തട്ടി മരിച്ച യുവാവിന്റെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ചാത്തന്നൂര്‍ എസ്‌ഐ ജ്യോതി സുധാകറിനെയാണ് ഡിഐജി സസ്‌പെന്‍ഡ് ചെയ്തത്. മരിച്ച യുവാവിന്റെ ബന്ധുക്കള്‍ക്ക് ഫോണ്‍ നല്‍കാതെ ഔദ്യോഗിക സിം കാര്‍ഡ് ഇട്ട് എസ്‌ഐ ഉപയോഗിക്കുകയായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. 

ജ്യോതി സുധാകര്‍ തിരുവനന്തപുരം മംഗലപുരം പൊലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു സംഭവം. ജൂണ്‍ 18 നാണ് യുവാവിനെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.  യുവാവിന്റെ മരണം സംബന്ധിച്ചു സംശയമുയര്‍ന്നതോടെ ഫോണ്‍ കോളുകളുടെ വിവരങ്ങള്‍ ശേഖരിക്കണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ഫോണ്‍ കാണാതായതു കൂടുതല്‍ സംശയങ്ങള്‍ സൃഷ്ടിച്ചു. ബന്ധുക്കളുടെ പരാതിയില്‍, ഇഎംഇഐ നമ്പര്‍ ഉപയോഗിച്ചു ഫോണ്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങി. ഇതിനിടെ ജ്യോതി സുധാകര്‍ മംഗലപുരത്തു നിന്നും ചാത്തന്നൂരിലേക്ക് സ്ഥലം മാറിയിരുന്നു.   

അന്വേഷണത്തില്‍ മരിച്ച യുവാവിന്റെ ഫോണില്‍ ചാത്തന്നൂര്‍ എസ്‌ഐയുടെ ഔദ്യോഗിക സിം കാര്‍ഡ് ഉപയോഗിക്കുന്നതു കണ്ടെത്തി. ഇതേത്തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ മംഗലപുരം സ്‌റ്റേഷനില്‍ എല്‍പിച്ചു. എന്നാല്‍ വിവരം പൊലീസിന്റെ ഉന്നത തലങ്ങളില്‍ എത്തുകയും എസ്‌ഐയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നു.

Content Highlights: mobile phone theft chathannor si suspended from service