ഫുട്ബോൾ ലോകകപ്പ് അടുത്തെത്തി നില്ക്കെ വിസ നിയമങ്ങളിൽ കടുത്ത നിലപാടുമായി കാനഡ സർക്കാർ. ലോകകപ്പ് മത്സരങ്ങൾ കാണാൻ എത്തുന്ന വിദേശ ആരാധകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ കർശനമായ വിസാനിയമങ്ങൾ ബാധകമായിരിക്കുമെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കി.
യു.എസ്, മെക്സിക്കോ എന്നീ രാജ്യങ്ങളുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമായ എൻട്രി സംവിധാനമാണ് കാനഡയ്ക്കുള്ളത്. അതിനാൽ, മൂന്ന് ആതിഥേയ രാജ്യങ്ങൾക്കിടയിൽ സ്വതന്ത്രമായി യാത്ര ചെയ്യാൻ സാധിക്കുന്ന ഏകീകൃത വിസ സംവിധാനം ഉണ്ടായിരിക്കില്ലെന്ന് ഇമിഗ്രേഷൻ അധികൃതർ അറിയിച്ചു. കാനഡയിലെ ടൊറൻ്റോ, വാൻകൂവർ എന്നീ നഗരങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. പല വിദേശ രാജ്യങ്ങളിൽ നിന്നുള്ള ആരാധകരും യാത്ര തിരിക്കുന്നതിന് മുൻപ് തന്നെ വിസയോ അല്ലെങ്കിൽ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനോ സ്വന്തമാക്കേണ്ടതുണ്ട്.
ലോകകപ്പിനായി മാത്രമായി പ്രത്യേക വിസകൾ ഒന്നും തന്നെ അനുവദിക്കില്ലെന്നും നിലവിലുള്ള നിയമങ്ങൾ തന്നെയാണ് തുടരുകയെന്നും കാനഡ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കായിക മാമാങ്കത്തിന് വേണ്ടി മാത്രം രാജ്യത്തിൻ്റെ ഇമിഗ്രേഷൻ നിയമങ്ങളിൽ മാറ്റം വരുത്താൻ സാധിക്കില്ലെന്നാണ് ഭരണകൂടത്തിൻ്റെ നിലപാട്. എന്നാൽ, ഈ കർശനമായ വിസാ നിയമങ്ങൾ കാനഡയുടെ ടൂറിസം മേഖലയെ ദോഷകരമായി ബാധിച്ചേക്കുമെന്ന് സാമ്പത്തിക-വിനോദസഞ്ചാര വിദഗ്ധർ ആശങ്ക രേഖപ്പെടുത്തി. വിസ നടപടികൾ സങ്കീർണ്ണമായാൽ ആരാധകർ കാനഡയിലെ മത്സരങ്ങൾ ഒഴിവാക്കി യു.എസിലോ മെക്സിക്കോയിലോ മാത്രം തുടരാൻ സാധ്യതയുണ്ടെന്നും, ഇത് രാജ്യത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. എന്നാൽ രാജ്യത്തിൻ്റെ സുരക്ഷ മുൻനിർത്തി നിലവിലെ സംവിധാനം തന്നെയാണ് നല്ലതെന്നാണ് മറ്റൊരു വിഭാഗത്തിന്റെ അഭിപ്രായം.