ഒൻ്റാരിയോയിലെ കിംഗ്സ്റ്റണിൽ, 'ഡയറി ക്വീൻ' ജീവനക്കാർ മാറി നൽകിയ ഐസ്‌ക്രീം കഴിച്ച് എട്ടുവയസ്സുകാരൻ മരിച്ചു. എട്ടുവയസ്സുകാരനായ ലിയാം എന്ന ബാലൻ കടുത്ത അലർജിയെ തുടർന്നാണ് മരിച്ചത്. അലർജിയുടെ അപകടങ്ങളെക്കുറിച്ച് അവബോധം വളർത്താനാണ് മാതാപിതാക്കൾ ഈ വിവരം പങ്കുവെച്ചത്.
ലിയാമിന് പാൽ ഉൽപന്നങ്ങൾ (Dairy), മുട്ട, നിലക്കടല എന്നിവയോട് കടുത്ത അലർജിയുണ്ടായിരുന്നു. അതിനാൽ ഡയറി ക്വീനിൽ എത്തിയ അമ്മ ജൂലിയ, ലിയാമിനായി പാൽ അടങ്ങിയിട്ടില്ലാത്ത 'വേഗൻ ഡില്ലി ബാർ' ആണ് ഓർഡർ ചെയ്തത്. ജീവനക്കാരൻ നൽകിയ ഐസ്‌ക്രീം വേഗൻ തന്നെയാണെന്ന് ഉറപ്പുനൽകിയതിനെത്തുടർന്ന് പാക്കറ്റ് പരിശോധിക്കാതെ അമ്മ അത് മകന് നൽകുകയായിരുന്നു.
ഐസ്‌ക്രീം കഴിച്ച് ഏതാനും മിനിറ്റുകൾക്കകം അതിൽ പാൽ അടങ്ങിയിട്ടുണ്ടെന്ന് ലിയാം അമ്മയോട് പറഞ്ഞു. പാക്കറ്റ് പരിശോധിച്ചപ്പോഴാണ് അത് മാറി നൽകിയ സാധാരണ ഐസ്‌ക്രീം ആണെന്ന് അമ്മയ്ക്ക് മനസ്സിലായത്. ഉടൻ തന്നെ അലർജിക്കുള്ള അടിയന്തര മരുന്നായ എപ്പിപെൻ നൽകുകയും ആംബുലൻസ് വിളിക്കുകയും ചെയ്തു. എന്നാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടിയ ലിയാമിന് ഹൃദയസ്തംഭനമുണ്ടാവുകയും സ്ഥിതി ഗുരുതരമാവുകയുമായിരുന്നു. കിംഗ്സ്റ്റൺ ജനറൽ ആശുപത്രിയിലും പിന്നീട് ചിൽഡ്രൻസ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചെങ്കിലും ലിയാമിനെ രക്ഷിക്കാനായില്ല.
ലിയാമിന് ഉണ്ടായിരുന്ന അസ്ത്മയും കോവിഡും രോഗാവസ്ഥ കൂടുതൽ വഷളാക്കിയതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.മരണശേഷവും മറ്റുള്ളവരെ സഹായിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ലിയാമിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മാതാപിതാക്കൾ തയ്യാറായി. ലിയാമിൻ്റെ ഹൃദയം മൂന്ന് വയസ്സുള്ള ഒരു പെൺകുട്ടിക്ക് ജീവനമേകി. സംഭവത്തിൽ ഡയറി ക്വീൻ അധികൃതർ കുടുംബത്തിന് അനുശോചനം അറിയിച്ചു. മരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.