മോൺട്രിയലിൽ ബോംബ് ഭീഷണി മുഴക്കിയ കേസിൽ അൽ-ഖ്വൊയ്ദ ബന്ധമുണ്ടായിരുന്ന സൊമാലിയൻ വംശജൻ കുറ്റസമ്മതം നടത്തി

By: 600110 On: May 30, 2026, 5:39 AM

മോൺട്രിയലിലെ പൊതുഗതാഗത സംവിധാനങ്ങളും സർക്കാർ ഓഫീസും ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ, സോമാലിയൻ വംശജനായ കനേഡിയൻ പൗരൻ കുറ്റസമ്മതം നടത്തി. അൽ-ഖ്വൊയ്ദ ഭീകര സംഘടനയുമായി മുൻപ് ബന്ധമുണ്ടായിരുന്ന മുഹമ്മദ് അബ്ദുള്ള വർസാമേ എന്നയാളാണ് കോടതിയിൽ കുറ്റം സമ്മതിച്ചത്. മോൺട്രിയലിലെ സബ്‌വേ റെയിൽവേയും പാസ്‌പോർട്ട് കാനഡ ഓഫീസും ബോംബുവെച്ച് തകർക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. ഒരു ലക്ഷം പേരെ കൊല്ലണമെന്നുണ്ടെന്ന് ഇയാൾ ഒരു സോഷ്യൽ വർക്കറോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

സോമാലിയയിൽ ജനിച്ച് കാനഡയിൽ പൗരത്വം നേടിയ ആളാണ് വർസാമേ. 2000-ൽ അഫ്ഗാനിസ്ഥാനിലെത്തി തീവ്രവാദ പരിശീലനം നേടുകയും ഒസാമ ബിൻ ലാദനെ നേരിൽ കാണുകയും ചെയ്തിട്ടുണ്ട്. അൽ- ഖ്വെയ്ദയ്ക്ക് സഹായം നൽകിയതിന് 2009-ൽ അമേരിക്കയിലെ മിനസോട്ടയിൽ ഇയാൾക്ക് ശിക്ഷ ലഭിച്ചിരുന്നു. പ്രതി കടുത്ത മാനസികരോഗബാധിതനാണെന്നും വീടില്ലാതെ തെരുവിൽ കഴിയുന്ന ആളാണെന്നും അദ്ദേഹത്തിൻ്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കൃത്യമായ ചികിത്സ കിട്ടാത്തതാണ് പ്രശ്നം ഗുരുതരമാക്കിയത്. 2025 ജൂണിൽ ഒരു ആശുപത്രിയിലെ മാനസികരോഗ വിഭാഗത്തിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്രതി കുറ്റം സമ്മതിച്ച സാഹചര്യത്തിൽ കേസിൽ വരും മാസങ്ങളിൽ കോടതി ശിക്ഷ വിധിക്കും. പ്രതിയുടെ മാനസിക നിലയും മുൻകാല തീവ്രവാദ ബന്ധവും പരിഗണിച്ചാകും കോടതി അന്തിമ തീരുമാനമെടുക്കുക. കാനഡയിലെ സുരക്ഷാ ഏജൻസികൾ ഈ കേസിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.