കാനഡയിലെ സതേൺ ആൽബർട്ടയിലുള്ള പ്രശസ്തമായ ലണ്ട്‌ബ്രെക്ക് വെള്ളച്ചാട്ടത്തിലേക്ക് ബോട്ട് ഓടിച്ചിറക്കി യുവാവിൻ്റെ സാഹസിക പ്രകടനം. ഡസ്റ്റി ഫ്രീസെൻ എന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നടത്തിയ ഈ സാഹസിക പ്രകടനത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് ഓൺലൈനിൽ കണ്ടത്. ഏകദേശം 29 അടി മുതൽ 40 അടി വരെ ഉയരമുള്ള വെള്ളച്ചാട്ടത്തിൻ്റെ മുകളിൽ നിന്നും 'ഡെൻ്റ്' എന്ന് പേരിട്ടിരിക്കുന്ന തൻ്റെ ജെറ്റ് ബോട്ടുമായാണ് ഇയാൾ താഴേക്ക് പതിച്ചത്. താൻ ഒരു ലോകറെക്കോർഡ് സ്ഥാപിച്ചുവെന്ന അവകാശവാദത്തോടെയാണ് ഇയാൾ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, കടുത്ത സുരക്ഷാ വീഴ്ചയായി കണക്കാക്കാവുന്ന ഈ സംഭവത്തെക്കുറിച്ച് RCMP , കൺസർവേഷൻ ഓഫീസർമാരുമായി ചേർന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ക്രോസ്നെസ്റ്റ് നദിയിലൂടെ അതിവേഗത്തിൽ പാഞ്ഞുവരുന്ന ബോട്ട് ലണ്ട്‌ബ്രെക്ക് വെള്ളച്ചാട്ടത്തിൻ്റെ അരികിൽ നിന്നും വായുവിലേക്ക് ഉയർന്ന് താഴേക്ക് പതിക്കുന്നതാണ് വീഡിയോയിലുള്ളത്. ഔദ്യോഗികമായ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് ഈ അപകടകരമായ പ്രകടനം നടത്തിയതെന്ന് അധികൃതർ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ നിരവധി ആളുകൾ ഇയാളുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയപ്പോൾ, വന്യജീവികൾക്കും പ്രകൃതിക്കും മറ്റ് സന്ദർശകർക്കും ഭീഷണിയാകുന്ന ഇത്തരം പ്രവൃത്തികൾക്കെതിരെ കടുത്ത നടപടി വേണമെന്നാണ് നിയമപാലകരും പ്രകൃതിസ്നേഹികളും ആവശ്യപ്പെടുന്നത്. ആൽബെർട്ടയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വിനോദസഞ്ചാര കേന്ദ്രത്തിൽ വെച്ച് നടന്ന ഈ നിയമലംഘനത്തിന്മേൽ വരും ദിവസങ്ങളിൽ ഇയാൾക്കെതിരെ കടുത്ത നിയമനടപടികൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.