കനേഡിയൻ സർക്കാരിൻ്റെ സാമൂഹിക സുരക്ഷാ പദ്ധതിയായ കനേഡിയൻ ഡെൻ്റൽ കെയർ പ്ലാനിൻ്റെ അടുത്ത വർഷത്തേക്കുള്ള (2026-2027) പുതിയ അപേക്ഷകൾ ജൂൺ 2 മുതൽ സ്വീകരിച്ചു തുടങ്ങും. സ്വകാര്യ ഇൻഷുറൻസ് പരിരക്ഷ ഇല്ലാത്തവരും വാർഷിക കുടുംബ വരുമാനം 90,000 ഡോളറിൽ താഴെയുമുള്ള കനേഡിയൻ നിവാസികൾക്കാണ് ഈ ആനുകൂല്യത്തിന് അർഹതയുള്ളത്. ജൂൺ രണ്ട് ചൊവ്വാഴ്ച രാവിലെ 8 മണി മുതൽ ഓൺലൈനായും ഫോൺ വഴിയും യോഗ്യരായ പൗരന്മാർക്ക് അപേക്ഷകൾ സമർപ്പിക്കാം.
പല്ല് അടയ്ക്കൽ, റൂട്ട് കനാൽ, ക്ലീനിംഗ്, പല്ല് പറിക്കൽ തുടങ്ങി നിരവധി അടിസ്ഥാന ആവശ്യങ്ങൾക്ക് ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം ലഭിക്കും. നിലവിൽ ഈ ആനുകൂല്യം ലഭിച്ചുകൊണ്ടിരിക്കുന്നവർ പരിരക്ഷ തുടരുന്നതിനായി ജൂൺ ഒന്നിനകം തങ്ങളുടെ അക്കൗണ്ടുകൾ പുതുക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു. കാനഡയിലെ ഏറ്റവും വലിയ സാമൂഹിക പദ്ധതികളിൽ ഒന്നായ സി.ഡി.സി.പി വഴി ഇതിനകം ലക്ഷക്കണക്കിന് ആളുകൾക്കാണ് സൌജന്യ ദന്തചികിത്സ ഉറപ്പാക്കാൻ സാധിച്ചത്.
പുതിയ അപേക്ഷകർ കാനഡയിലെ നികുതി റിട്ടേണുകൾ കൃത്യമായി സമർപ്പിച്ചവരും സോഷ്യൽ ഇൻഷുറൻസ് നമ്പറോടു കൂടിയ വ്യക്തിഗത വിവരങ്ങൾ ഉള്ളവരുമായിരിക്കണം. കാനഡയിലുടനീളമുള്ള 28,000-ത്തിലധികം ദന്തചികിത്സാ വിദഗ്ധർ ഈ പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. അതേസമയം, പദ്ധതിയുടെ പേരിൽ വ്യക്തിഗത വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ട് വൻതോതിൽ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്നും, അപേക്ഷ സമർപ്പിക്കുന്നതിനോ പുതുക്കുന്നതിനോ സർക്കാർ യാതൊരുവിധ പണവും ഈടാക്കില്ലെന്നും സർക്കാർ ജനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.