2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന കാനഡയിലെ ടൊറൻ്റോ സ്റ്റേഡിയത്തിൽ മദ്യം വാങ്ങാൻ എത്തുന്ന അന്താരാഷ്ട്ര സന്ദർശകർക്കായി തിരിച്ചറിയൽ നിയമങ്ങൾ ഏർപ്പെടുത്തി. ഫിഫ പുറത്തിറക്കിയ 'നോ ബിഫോർ യു ഗോ' മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം വിദേശത്തുനിന്നും എത്തുന്ന ആരാധകർക്ക് സ്റ്റേഡിയത്തിനകത്ത് നിന്ന് മദ്യം വാങ്ങണമെങ്കിൽ പ്രായം തെളിയിക്കുന്നതിനായി പാസ്പോർട്ട് മാത്രമേ സ്വീകരിക്കുകയുള്ളൂ. വിദേശ രാജ്യങ്ങളിലെ ഡ്രൈവിംഗ് ലൈസൻസുകളോ, ദേശീയ തിരിച്ചറിയൽ കാർഡുകളോ ഇതിനായി പരിഗണിക്കുന്നതല്ലെന്ന് ഫിഫയും പ്രാദേശിക സംഘാടകരും വ്യക്തമാക്കി.
എന്നാൽ കനേഡിയൻ പൗരന്മാർക്ക് അവരുടെ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖകൾ തുടർന്നും ഉപയോഗിക്കാം. പ്രവിശ്യാ മദ്യനിയമങ്ങളും അന്താരാഷ്ട്ര ഫിഫ മാനദണ്ഡങ്ങളും കർശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ സ്റ്റേഡിയം അധികൃതർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി സുരക്ഷയും പരിശോധനകളും വേഗത്തിലാക്കാൻ സ്റ്റേഡിയങ്ങളിൽ 'ക്ലിയർ ബാഗ് പോളിസി' നിർബന്ധമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്, അല്ലെങ്കിൽ പി.വി.സി നിർമ്മിതമായ നിശ്ചിത അളവിലുള്ള സുതാര്യമായ ബാഗുകളും കൈപ്പത്തിയുടെ വലിപ്പമുള്ള ചെറിയ വാലറ്റുകളും മാത്രമേ സ്റ്റേഡിയത്തിനുള്ളിലേക്ക് പ്രവേശിപ്പിക്കുകയുള്ളൂ.
ലോകകപ്പ് മത്സരങ്ങൾ പ്രമാണിച്ച് ടൊറൻ്റോയിലെ ബാറുകൾക്കും റെസ്റ്റോറൻ്റുകൾക്കും പുലർച്ചെ നാല് മണി വരെ മദ്യം വിളമ്പാൻ പ്രവിശ്യാ സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തിനകത്തെ വിദേശികളുടെ മദ്യപാനത്തിന് പാസ്പോർട്ട് നിർബന്ധമാക്കിയ നടപടി ലക്ഷക്കണക്കിന് വരുന്ന അന്താരാഷ്ട്ര ആരാധകർക്ക് ചെറുതല്ലാത്ത നിരാശയുണ്ടക്കുന്നതാണ്.