കാനഡയിലെ പൊലീസ് സേനകളിൽ ചരിത്രപരമായ ചുവടുവെപ്പുമായി കാൽഗറി പൊലീസ് സർവീസ്. ജൂൺ ഒന്ന് മുതൽ കാൽഗറിയിലെ പൊലീസ് ഉദ്യോഗസ്ഥർ ധരിക്കുന്ന ബോഡി ക്യാമറകളിൽ എഐ അധിഷ്ഠിതമായ തത്സമയ പരിഭാഷാ സംവിധാനം ഏർപ്പെടുത്തും. ഉദ്യോഗസ്ഥർ സംസാരിക്കുന്നത് അപ്പപ്പോൾ തന്നെ അറുപതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യാൻ ഈ സാങ്കേതികവിദ്യയ്ക്ക് കഴിയും. കാനഡയിൽ ഈ സംവിധാനം പൂർണ്ണമായി നടപ്പിലാക്കുന്ന ആദ്യ പോലീസ് സേനയാണ് കാൽഗറി.
ഭാഷാപരമായ തടസ്സങ്ങൾ നീക്കാനും, അടിയന്തര സാഹചര്യങ്ങളിൽ അതിവേഗം ഇടപെടാനും, വിവിധ ഭാഷകൾ സംസാരിക്കുന്ന പ്രവാസികളുമായി നല്ലൊരു ബന്ധം സ്ഥാപിക്കാനും ഈ മാറ്റം സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു. ക്യാമറയിലെ ഒരു ബട്ടൺ അമർത്തിയാൽ ഈ സംവിധാനം പ്രവർത്തിച്ചു തുടങ്ങും. ഈ വിവർത്തനങ്ങൾ വീഡിയോയോടൊപ്പം തന്നെ റെക്കോർഡ് ചെയ്യപ്പെടുമെന്ന് പോലീസ് ചീഫ് കേറ്റി മക് ലെല്ലൻ വ്യക്തമാക്കി.
ഓട്ടവ പോലീസ് മുൻപ് ഇത് പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും, ഔദ്യോഗികമായി പൂർണ്ണതോതിൽ നടപ്പിലാക്കുന്നത് കാൽഗറിയിലാണെന്ന് പോലീസ് കമ്മീഷൻ ചെയർപേഴ്സൺ അംതുൽ സിദ്ദിഖി സ്ഥിരീകരിച്ചു. കാനഡയിലെത്തുന്ന പുതിയ കുടിയേറ്റക്കാരും പൊലീസും തമ്മിലുള്ള ആശയവിനിമയം കൂടുതൽ എളുപ്പമാക്കാൻ ഇത് സഹായിക്കുമെന്ന് ഇമിഗ്രൻ്റ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡൻ്റ് സാലി ഷാവോയും പറഞ്ഞു.
വരും വർഷങ്ങളിൽ കാനഡയിലെ കൂടുതൽ പോലീസ് സേനകൾ ഈ സാങ്കേതികവിദ്യ സ്വീകരിക്കുമെന്നാണ് കരുതുന്നത്. നിലവിൽ തെളിവുകൾ പരിശോധിക്കുന്നതിനും ഫയലുകൾ ക്രമീകരിക്കുന്നതിനും കാൽഗറി പോലീസ് എ.ഐ ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ വൻ സാമ്പത്തിക ലാഭവും സമയലാഭവുമാണ് സേനയ്ക്കുണ്ടായിട്ടുള്ളത്. ആൽബർട്ട പ്രവിശ്യയിൽ എല്ലാ മുൻസിപ്പൽ പോലീസ് ഉദ്യോഗസ്ഥർക്കും നിലവിൽ ബോഡി ക്യാമറകൾ നിർബന്ധമാണ്.
അതേസമയം, ഈ റെക്കോർഡിങ്ങുകൾ കോടതികളിൽ തെളിവായി ഉപയോഗിക്കാൻ സാധ്യതയുള്ളതിനാൽ ഹാക്കിങ് തടയാനുള്ള കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. നിയമനടപടികളെ ബാധിക്കാതിരിക്കാൻ എ.ഐ നൽകുന്ന പരിഭാഷകളിൽ തെറ്റുകളില്ലെന്ന് ഉദ്യോഗസ്ഥർ തന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വകാര്യതയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വരും ആഴ്ചകളിൽ പ്രൈവസി കമ്മീഷണർ വിലയിരുത്തുമെന്നും അധികൃതർ അറിയിച്ചു.