കാനഡയെ നടുക്കി ബിഷ്‌ണോയ് ഗാംഗിൻ്റെ കത്ത്: ആക്രമണത്തിന് ആയിരം ഷൂട്ടർമാർ സജ്ജമെന്ന് ഭീഷണി

By: 600110 On: May 29, 2026, 1:50 PM

കാനഡയിൽ വ്യാപകമാകുന്ന ഭീഷണിപ്പെടുത്തി പണം തട്ടൽ മാഫിയയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തങ്ങൾക്കു കീഴിൽ ആയിരത്തോളം തോക്കുധാരികൾ ആക്രമണത്തിന് സജ്ജരാണെന്ന് അവകാശപ്പെട്ട് ബിഷ്‌ണോയ് ഗാംഗ് കനേഡിയൻ പൊലീസിന് കത്തയച്ചതായി വെളിപ്പെടുത്തൽ. 2025 ഓഗസ്റ്റിൽ അബോട്ട്സ്‌ഫോർഡ് പൊലീസിനാണ് സംഘം കത്തയച്ചത്. ഒരു ഗുണ്ടാസംഘാംഗത്തിൻ്റെ നാടുകടത്തലുമായി ബന്ധപ്പെട്ട ഹിയറിംഗിനിടെയാണ് കനേഡിയൻ പൊലീസ് ഓഫീസർ ഈ വിവരങ്ങൾ ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

ഇന്ത്യ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോറൻസ് ബിഷ്‌ണോയ് ഗാംഗ്, കാനഡയിലെ പ്രാദേശിക യുവാക്കളെ റിക്രൂട്ട് ചെയ്താണ് വിവിധ പ്രവിശ്യകളിൽ അക്രമങ്ങൾ അഴിച്ചുവിടുന്നത്. കാനഡയിലെ ബിസിനസുകാർ തങ്ങൾക്ക് കൃത്യമായി 'നികുതി' നൽകണമെന്നും, അല്ലാത്തപക്ഷം വെടിയുതിർക്കുമെന്നുമാണ് കത്തിലെ ഭീഷണി. 'ഓപ്പറേഷൻ കമ്മ്യൂണിറ്റി ഷീൽഡ്' പദ്ധതിയുടെ ഭാഗമായി ഈ കത്തിൻ്റെ വിശദാംശങ്ങൾ മറ്റ് സുരക്ഷാ ഏജൻസികൾക്ക് കൈമാറിയതായി അബോട്ട്സ്‌ഫോർഡ് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ച ബിഷ്‌ണോയ് ഗാംഗിന്റെ തലവൻ ലോറൻസ് ബിഷ്‌ണോയ് 2015 മുതൽ ഇന്ത്യയിൽ ജയിലിലാണ്.

പ്രധാനമായും ദക്ഷിണേഷ്യൻ  വംശജരായ ബിസിനസുകാരെ വാട്‌സ്ആപ്പ് വഴിയാണ് ഇവർ ഭീഷണിപ്പെടുത്തുന്നത്. പണം നൽകാൻ വിസമ്മതിക്കുന്നവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിയുതിർക്കും. ലോറൻസ് ബിഷ്‌ണോയ്, ഗോൾഡി ബ്രാർ എന്നിവരുടെ പേരുകളിലാണ് ഭീഷണിയെങ്കിലും, കാനഡയ്ക്ക് പുറത്തുള്ള ജോറ സിദ്ധു എന്നയാളാണ് ഭീഷണി കോളുകൾക്ക് പിന്നിലെന്നാണ് സൂചന. കഴിഞ്ഞ വർഷം ബിഷ്‌ണോയും ബ്രാറും തമ്മിലുണ്ടായ തർക്കത്തെത്തുടർന്ന് സംഘം പിളർന്നിരുന്നു. ഇതോടെ ഭീഷണിപ്പെടുത്താതെ തന്നെ നേരിട്ട് ആക്രമണം നടത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി.

അക്രമികളിൽ ഭൂരിഭാഗവും കനേഡിയൻ പൗരന്മാരല്ലാത്തതിനാൽ ഇവരെ നാടുകടത്തുക എന്നതാണ് പൊലീസ് ഇപ്പോൾ സ്വീകരിക്കുന്ന പ്രധാന മാർഗ്ഗം. മേയ് 7 വരെയുള്ള കണക്കനുസരിച്ച് ഈ കേസുകളുമായി ബന്ധപ്പെട്ട് 446 അന്വേഷണങ്ങൾ ആരംഭിക്കുകയും, 118 പേർക്ക് നാടുകടത്തൽ ഉത്തരവ് നൽകുകയും, 55 പ്രതികളെ ഇതിനകം നാടുകടത്തുകയും ചെയ്തിട്ടുണ്ട്. ടൊറന്റോ, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലാണ് ഇത്തരം കേസുകൾ കൂടുതൽ.