ലോകത്തെ മികച്ച രാജ്യങ്ങളുടെ പട്ടികയിൽ 19-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കാനഡ

By: 600110 On: May 29, 2026, 9:18 AM

ലോകത്തെ മികച്ച രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള ഏറ്റവും പുതിയ 'ബെസ്റ്റ് കൺട്രീസ്' റാങ്കിങ്ങിൽ കാനഡയ്ക്ക് വൻ തിരിച്ചടി. മുൻവർഷങ്ങളിൽ മുൻനിരയിലുണ്ടായിരുന്ന രാജ്യം 19-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 18-ആം സ്ഥാനത്തുള്ള അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഇപ്പോൾ കാനഡയുടെ സ്ഥാനം. 2023-ൽ രണ്ടാം സ്ഥാനത്തും 2024-ൽ നാലാം സ്ഥാനത്തുമായിരുന്നു കാനഡ.

റാങ്കിങ് നിർണ്ണയിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് കാനഡയുടെ ഈ ദയനീയ പ്രകടനത്തിന് കാരണം. മുൻപ് ജനങ്ങളുടെ പൊതുവായ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പട്ടിക തയ്യാറാക്കിയിരുന്നതെങ്കിൽ, ഇത്തവണ എട്ട് കൃത്യമായ ഘടകങ്ങളെ വിലയിരുത്തിയാണ് റാങ്കിങ് നിശ്ചയിച്ചത്. ഭരണം, ആരോഗ്യം, അടിസ്ഥാന സൗകര്യങ്ങൾ, പ്രകൃതി പരിസ്ഥിതി, അവസരങ്ങൾ, പൗരക്ഷേമം, സംസ്‌കാരവും വിനോദസഞ്ചാരവും, സാമ്പത്തിക വികസനം എന്നിവയായിരുന്നു ഈ ഘടകങ്ങൾ.

ഇതിൽ ഏറ്റവും കൂടുതൽ മുൻഗണന നൽകിയത് ഭരണത്തിനും അടിസ്ഥാന സൗകര്യങ്ങൾക്കുമാണ്. എന്നാൽ ഈ രണ്ട് മേഖലകളിലും കാനഡ യഥാക്രമം 18, 20 സ്ഥാനങ്ങളിലേക്ക് പിന്തള്ളപ്പെട്ടു. നിയമവാഴ്ചയിലും രാഷ്ട്രീയ സുരക്ഷിതത്വത്തിലും മികച്ച സ്കോർ നേടിയെങ്കിലും, നിലവിലുള്ള നികുതി വ്യവസ്ഥയാണ് ഭരണരംഗത്തെ കാനഡയുടെ മാർക്ക് കുറച്ചത്. അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വൈദ്യുതി ലഭ്യതയ്ക്ക് പൂർണ്ണ മാർക്ക് കിട്ടിയപ്പോൾ, പുനരുപയോഗ ഊർജ്ജത്തിൻ്റെ കുറവ് തിരിച്ചടിയായി. 

ആരോഗ്യരംഗത്ത് രാജ്യം 27-ആം സ്ഥാനത്താണ്. എല്ലാവർക്കും സൗജന്യ ആരോഗ്യ പരിരക്ഷയും ഉയർന്ന ആയുർദൈർഘ്യവും ഉണ്ടെങ്കിലും, ഡോക്ടർമാരുടെയും ആശുപത്രി കിടക്കകളുടെയും കുറവ് സ്കോറിനെ ബാധിച്ചു. അതേസമയം, സംസ്‌കാരത്തിൻ്റെയും വിനോദസഞ്ചാരത്തിൻ്റെയും കാര്യത്തിൽ എട്ടാം സ്ഥാനം നേടി കാനഡ മികച്ച പ്രകടനം കാഴ്ചവെച്ചു. ഈ വർഷം ആദ്യം പുറത്തുവന്ന ലോക സന്തോഷ സൂചികയിലും കാനഡ 25-ആം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.