കാനഡയിൽ ഇത്തവണയും ശക്തമായ കാട്ടുതീയ്ക്ക് സാധ്യത; ഏറ്റവും കൂടുതൽ ബാധിക്കുക ബ്രിട്ടീഷ് കൊളംബിയയെ എന്നും മുന്നറിയിപ്പ്

By: 600110 On: May 29, 2026, 9:07 AM

കാനഡയിൽ ഈ വർഷവും ശക്തിമായ കാട്ടു തീയ്ക്ക് സാധ്യത. വരും മാസങ്ങളിൽ രാജ്യം കടുത്ത വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്. കടുത്ത ചൂടും വരണ്ട കാലാവസ്ഥയും മൂലം ജൂലൈ മാസത്തിൽ ബ്രിട്ടീഷ് കൊളംബിയയിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് നാച്ചുറൽ റിസോഴ്‌സസ് കാനഡയുടെ വിലയിരുത്തൽ. 

2023, 2025 വർഷങ്ങളിലെ അത്രയും തീവ്രമാകില്ലെങ്കിലും, സാധാരണ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കാട്ടുതീയുടെ ആഘാതം വളരെ കൂടുതലായിരിക്കുമെന്നാണ് വിലയിരുത്തൽ. നിലവിൽ കാനഡയിലുടനീളം 65 ഇടങ്ങളിൽ കാട്ടുതീ സജീവമാണ്. ഇതിൽ ആറെണ്ണം പൂർണ്ണമായും നിയന്ത്രണാതീതവുമാണ്.  കഴിഞ്ഞ വർഷം കാട്ടുതീയിൽ 90,000 ചതുരശ്ര കിലോമീറ്ററിലധികം ഭൂമിയാണ് കരിഞ്ഞുണങ്ങിയത്. അടുത്ത മൂന്ന് മാസത്തേക്ക് രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയായിരിക്കും അനുഭവപ്പെടുകയെന്നാണ് കാലാവസ്ഥാ പ്രവചനം.

ജൂൺ മാസത്തിൽ ഒൻ്റാരിയോ, ക്യൂബെക്ക് പ്രവിശ്യകളിലും ജൂലൈ മാസത്തോടെ ബ്രിട്ടീഷ് കൊളംബിയയിലും കാട്ടുതീ ഭീഷണി വർദ്ധിക്കും. ഇതിനുപുറമേ കാനഡയുടെ വടക്കൻ, മധ്യ, കിഴക്കൻ മേഖലകളിലും ഭരണകൂടം ഉയർന്ന മുൻകരുതൽ നിർദ്ദേശം നൽകിയിട്ടുണ്ട്. കാലാവസ്ഥ എപ്പോൾ വേണമെങ്കിലും മാറിമറിയാമെന്നതിനാൽ ജനങ്ങൾ ഏറ്റവും മോശം സാഹചര്യത്തെയും നേരിടാൻ സജ്ജരായിരിക്കണമെന്ന് അടിയന്തര സന്നദ്ധതാ വകുപ്പ് മന്ത്രി എലീനർ ഓൾഷെവ്സ്കി ഓർമ്മിപ്പിച്ചു.

വർദ്ധിച്ചുവരുന്ന പ്രതിസന്ധി നേരിടാൻ വലിയ തോതിലുള്ള സജ്ജീകരണങ്ങളാണ് ഇത്തവണ കേന്ദ്ര സർക്കാർ ഒരുക്കുന്നത്. ചരിത്രത്തിലാദ്യമായി കാട്ടുതീ പ്രതിരോധത്തിനായി പ്രവിശ്യകൾക്ക് കേന്ദ്ര സർക്കാർ സ്വന്തം നിലയിൽ അഗ്നിശമന വിമാനങ്ങൾ വിട്ടുനൽകും. മേയ് 25-ന് പ്രഖ്യാപിച്ച 317 ദശലക്ഷം ഡോളറിൻ്റെ പുതിയ ബജറ്റ് വിഹിതത്തിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തുന്നത്. കാട്ടുതീയുടെ തീവ്രതയും അതാത് സമയത്തെ കാലാവസ്ഥാ പ്രവചനവും വിലയിരുത്തിയായിരിക്കും ഈ വിമാനങ്ങളുടെ സേവനം ലഭ്യമാക്കുക.