ന്യൂയോര്‍ക്കില്‍ തെരുവില്‍ ഉറങ്ങിക്കിടന്ന നാല് നിരാലംബരെ അടിച്ചുകൊന്ന പ്രതിക്ക് 40 വര്‍ഷം തടവ്

By: 600002 On: May 29, 2026, 8:02 AM

 



പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: ഏഴ് വര്‍ഷം മുമ്പ് മന്‍ഹാട്ടനിലെ തെരുവില്‍ ഉറങ്ങിക്കിടന്ന നാല് നിരാലംബരെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന കേസില്‍ പ്രതി റാന്‍ഡി സാന്റോസിന് (31) 40 വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു. എന്നാല്‍, കൊലചെയ്യപ്പെട്ട ഫ്‌ലോറന്‍സിയോ മോറാന്‍, നസാരിയോ വാസ്‌ക്വസ് വിഗെഗാസ്, ആന്റണി മാന്‍സണ്‍, ചുവാന്‍ കോക്ക് എന്നിവര്‍ക്കായി കോടതിയില്‍ സംസാരിക്കാന്‍ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ എത്തിയിരുന്നില്ല എന്നത് വികാരനിര്‍ഭരമായ രംഗങ്ങള്‍ക്ക് വഴിവെച്ചു.

മയക്കുമരുന്നിന്റെ അമിത ഉപയോഗവും മാനസികരോഗവുമാണ് പ്രതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ മനുഷ്യരെയാണ് പ്രതി ലക്ഷ്യം വച്ചതെന്ന് ജഡ്ജി ലൗറ എ. വാര്‍ഡ് നിരീക്ഷിച്ചു. കോടതിയില്‍ പ്രതി മാപ്പപേക്ഷിച്ചെങ്കിലും, ഇയാള്‍ അര്‍ഹിക്കുന്ന സ്ഥലത്തേക്കാണ് പോകുന്നതെന്ന് ചൈനാടൗണ്‍ ആക്ടിവിസ്റ്റായ കാര്‍ലിന്‍ ചാന്‍ പ്രതികരിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ മറ്റ് രണ്ടുപേരെ വധിക്കാന്‍ ശ്രമിച്ച കുറ്റവും പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്.