പ്രസാദ് തീയാടിക്കല്‍
ബംഗ്ലാദേശ്: ബംഗ്ലാദേശില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപി ന്റെ പേരില്‍ അറിയപ്പെട്ടിരുന്ന അപൂര്‍വ ആല്‍ബിനോ പോത്തിന് സര്‍ക്കാര്‍ ഇടപെടലിനെ തുടര്‍ന്ന് ജീവന്‍ രക്ഷ ലഭിച്ചു. തലയില്‍ സ്വര്‍ണനിറത്തിലുള്ള രോമവും ഇളം പിങ്ക്-വെളുത്ത ശരീരനിറവും ഉണ്ടായിരുന്നതിനാലാണ് പോത്തിന് ''ട്രംപ്'' എന്ന പേര് ലഭിച്ചത്.
ഈദ് അല്‍ അദ്ഹ ആഘോഷത്തിന്റെ ഭാഗമായി പോത്തിനെ ബലി നല്‍കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും, മൃഗത്തിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായതോടെ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെട്ടു. ആല്‍ബിനോ വര്‍ഗത്തില്‍പ്പെട്ട പോത്തുകള്‍ അത്യപൂര്‍വമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആഭ്യന്തര മന്ത്രി സലാഹുദ്ദീന്‍ അഹമ്മദ് നല്‍കിയ നിര്‍ദേശപ്രകാരം പോത്തിനെ രക്ഷിക്കുകയായിരുന്നു.
മത്സ്യബന്ധന-കന്നുകാലി വകുപ്പ് സഹമന്ത്രി സുല്‍ത്താന്‍ സലാഹുദ്ദീന്‍ തുകു ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍, ഗവേഷണത്തിനും സംരക്ഷണത്തിനുമായി പോത്തിനെ ധാക്കയിലെ മിര്‍പൂരിലുള്ള ദേശീയ മൃഗശാലയിലേക്ക് മാറ്റിയതായി അറിയിച്ചു. മൃഗത്തിന് ആവശ്യമായ സംരക്ഷണവും പരിചരണവും ഉറപ്പാക്കാന്‍ വലിയ പ്രത്യേക ഷെഡ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയതായും അദ്ദേഹം വ്യക്തമാക്കി.
വാര്‍ത്ത പുറത്തുവന്നതോടെ നിരവധി സന്ദര്‍ശകര്‍ മൃഗശാലയിലെത്തി ''ട്രംപ്'' എന്ന പേരില്‍ ശ്രദ്ധ നേടിയ വെളുത്ത പോത്തിനെ കാണാന്‍ എത്തി. പോത്തിന്റെ കൂടിനുമുന്നില്‍ ബംഗാളിയില്‍ ''വെളുത്ത പോത്ത് (ഡൊണാള്‍ഡ് ട്രംപ്)'' എന്നും ഇംഗ്ലീഷില്‍ 'Albino Buffalo' എന്നും എഴുതിയ ബോര്‍ഡുകളും സ്ഥാപിച്ചു.