പി പി ചെറിയാന്‍
ന്യൂയോര്‍ക്: അമേരിക്കയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ പരസ്യ-മാര്‍ക്കറ്റിംഗ് ആവശ്യങ്ങള്‍ക്കായി ഇന്ത്യയിലുള്ള ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകളെ വന്‍തോതില്‍ ആശ്രയിക്കുന്നതായി റിപ്പോര്‍ട്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് കമ്പനികള്‍ സ്വന്തമായി പരസ്യങ്ങള്‍ തയ്യാറാക്കാന്‍ തുടങ്ങിയതോടെ പരമ്പരാഗത പരസ്യ ഏജന്‍സികളെ ആശ്രയിക്കുന്നത് കുറയുകയും പരസ്യനിര്‍മ്മാണം കൂടുതല്‍ വേഗത്തിലാക്കുകയും ചെയ്തു.
AI അടിസ്ഥാനമാക്കിയുള്ള ക്രിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെ പ്രധാന പരീക്ഷണശാലയായി ബംഗളൂരു മാറിയെന്ന് വ്യവസായ പ്രമുഖര്‍ വ്യക്തമാക്കുന്നു. ഓണ്‍ലൈന്‍ ലിസ്റ്റിംഗുകള്‍ക്കായി AI ഉപയോഗിച്ച് ചിത്രങ്ങളും വീഡിയോകളും നിര്‍മ്മിക്കുന്ന പരീക്ഷണങ്ങള്‍ നിലവില്‍ നടക്കുന്നുണ്ട്. ഇത് പരമ്പരാഗത ഫോട്ടോഷൂട്ടുകളുടെ ആവശ്യകതയും സമയവും വന്‍തോതില്‍ കുറയ്ക്കുന്നു.
കിംബര്‍ലി-ക്ലാര്‍ക്ക്, ടാര്‍ഗെറ്റിന്റെ റൗണ്ടല്‍ തുടങ്ങിയ പ്രമുഖ യു.എസ് ബ്രാന്‍ഡുകള്‍ നിലവില്‍ ഉള്ളടക്ക നിര്‍മ്മാണത്തിനും ഉപഭോക്തൃ ട്രെന്‍ഡുകള്‍ക്ക് അനുസരിച്ച് പരസ്യങ്ങള്‍ വേഗത്തില്‍ മാറ്റുന്നതിനും ഇന്ത്യയില്‍ വികസിപ്പിച്ച AI ടൂളുകള്‍ ഉപയോഗിക്കുന്നുണ്ട്. AIയുടെ ഈ കടന്നുകയറ്റം പരമ്പരാഗത പരസ്യ ഏജന്‍സി മോഡലുകളെ ബാധിക്കുന്നുണ്ടെങ്കിലും, സങ്കീര്‍ണ്ണമായ ആവശ്യങ്ങള്‍ക്ക് ഏജന്‍സികള്‍ ഇപ്പോഴും അനിവാര്യമാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍..