പ്രസാദ് തീയാടിക്കല്‍
ഈസ്റ്റ് ഹാം: യുകെ മലയാളി സമൂഹത്തെ ദുഃഖത്തിലാഴ്ത്തി മലയാളി യുവതി അന്തരിച്ചു. ഈസ്റ്റ് ഹാമില്‍ താമസിച്ചിരുന്ന സിസിലി കൃഷ്ണന്‍ (41) ആണ് മരിച്ചത്. യോഗ പരിശീലനത്തിനിടെ അപ്രതീക്ഷിതമായി ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട സിസിലി കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും, രണ്ട് ദിവസം നീണ്ട ജീവന്‍ രക്ഷാപ്രയത്നങ്ങള്‍ക്കൊടുവില്‍ സിസിലി മരണത്തിന് കീഴടങ്ങി. ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്ക് ചികിത്സയും ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മരുന്നുകളും തുടരുന്നതിനിടെയായിരുന്നു ഹൃദയാഘാതം സംഭവിച്ചതെന്ന് ബന്ധുക്കള്‍ അറിയിച്ചു.
കൊല്ലം സ്വദേശികളായ കുടുംബം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് യുകെയിലേക്ക് കുടിയേറിയത്. ഭര്‍ത്താവ് അശോക്. മക്കള്‍ റയോന്‍, റീസ്. ആരോഗ്യ സംരക്ഷണ വകുപ്പില്‍ സര്‍ക്കാര്‍ ജീവനക്കാരിയായിരുന്ന സിസിലിയുടെ അപ്രതീക്ഷിത വിയോഗം കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും ഈസ്റ്റ് ഹാമിലെ മലയാളി സമൂഹത്തെയും വേദനയിലാഴ്ത്തിയിരിക്കുകയാണ്.