തുര്‍ക്കിയില്‍ തട്ടിപ്പ് നടത്തിയ യൂട്യൂബര്‍ക്ക് 45,376 വര്‍ഷം തടവുശിക്ഷ

By: 600002 On: May 28, 2026, 10:40 AM



പി പി ചെറിയാന്‍

തുര്‍ക്കി: 'ഫാം ബാങ്ക്' (Çiftlik Bank) എന്ന വ്യാജ ഓണ്‍ലൈന്‍ നിക്ഷേപ പ്ലാറ്റ്ഫോം വഴി കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മുന്‍ റാപ്പറും യൂട്യൂബറുമായ മെഹ്‌മെത് അയ്ദിന്‍, സഹോദരന്‍ ഫാത്തിഹ് എന്നിവര്‍ക്ക് 45,376 വര്‍ഷവും ആറുമാസവും തടവുശിക്ഷ വിധിച്ചു.

ഗെയിമുകളിലൂടെ ഡിജിറ്റല്‍ പശുക്കളെയും കോഴികളെയും വാങ്ങി യഥാര്‍ത്ഥ കൃഷിയില്‍ നിക്ഷേപിക്കാം എന്ന വ്യാജേനയായിരുന്നു തട്ടിപ്പ്. ഇത് വഴി ഏകദേശം 1.32 ലക്ഷം ആളുകളില്‍ നിന്നായി 34 മില്യണ്‍ ഡോളര്‍ (ഏകദേശം 280-ലധികം കോടി രൂപ) ഇവര്‍ തട്ടിയെടുത്തു.

ഇതൊരു പോണ്‍സി സ്‌കീം  ആയിരുന്നു. ഐടി തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍, ക്രിമിനല്‍ സംഘം രൂപീകരിക്കല്‍ തുടങ്ങി 4,414 കുറ്റകൃത്യങ്ങള്‍ വെവ്വേറെ തെളിയിക്കപ്പെട്ടതിനാലാണ് ഇത്രയും വലിയ കാലയളവിലേക്ക് ശിക്ഷ ലഭിച്ചത്.

2018-ല്‍ രാജ്യം വിട്ട അയ്ദിന്‍ 2021-ല്‍ ബ്രസീലില്‍ വെച്ച് കീഴടങ്ങുകയായിരുന്നു. തുര്‍ക്കി ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളിലൊന്നാണിത്.