പി പി ചെറിയാന്‍
ഓസ്റ്റിന്‍: ടെക്‌സാസിലെ വിദ്യാര്‍ത്ഥികള്‍ക്കും കുടുംബങ്ങള്‍ക്കും വലിയ ആശ്വാസം പകരുന്ന നിര്‍ണായക പ്രഖ്യാപനവുമായി ഗവര്‍ണര്‍ ഗ്രെഗ് ആബട്ട്. വരാനിരിക്കുന്ന അധ്യയന വര്‍ഷത്തില്‍ സംസ്ഥാനത്തെ എല്ലാ പൊതു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ബിരുദ (ഡിറലൃഴൃമറൗമലേ) ട്യൂഷന്‍ ഫീസും മറ്റ് അനുബന്ധ ഫീസുകളും വര്‍ദ്ധിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഗവര്‍ണര്‍ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ പൊതു സര്‍വ്വകലാശാലകള്‍ക്കും കോളേജുകള്‍ക്കും അദ്ദേഹം ഔദ്യോഗിക കത്ത് അയച്ചു.
ടെക്‌സാസിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദ്യാഭ്യാസം താങ്ങാനാവുന്നതായിരിക്കണം എന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. മാന്യമായ വരുമാനം ഉറപ്പുനല്‍കുന്ന ജോലികള്‍ നേടുന്നതിനും വളര്‍ന്നുവരുന്ന തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ആവശ്യമായ കഴിവുകള്‍ ടെക്‌സസുകാര്‍ക്ക് ലഭ്യമാക്കാന്‍ ഗുണനിലവാരമുള്ളതും ചെലവുകുറഞ്ഞതുമായ വിദ്യാഭ്യാസം അത്യാവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2026-27 അധ്യയന വര്‍ഷത്തേക്കാണ് ഈ ഫീസ് മരവിപ്പിക്കല്‍ ബാധകമാകുക.
2023 മുതല്‍ തന്നെ ടെക്‌സാസിലെ പൊതു ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫീസ് വര്‍ദ്ധിപ്പിക്കരുതെന്ന് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പുതിയ നടപടി.
കഴിഞ്ഞ നിയമസഭാ സമ്മേളനത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ചരിത്രപരമായ നിക്ഷേപങ്ങളാണ് ടെക്‌സസ് സര്‍ക്കാര്‍ നടത്തിയത്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ധനസഹായ പദ്ധതികള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി വിദ്യാര്‍ത്ഥി സാമ്പത്തിക സഹായ ഫണ്ടിലേക്ക് 328 മില്യണ്‍ ഡോളറിന്റെ വര്‍ദ്ധനവാണ് വരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക ഭാരമില്ലാതെ പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ ഈ നടപടികള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.