കാനഡയിലെ അഭയാർത്ഥി ആരോഗ്യ പദ്ധതിയിൽ വ്യാപക ക്രമക്കേട്; സാമ്പത്തിക ബാധ്യത നികുതിദായകർക്കെന്ന് വിമർശനം

By: 600110 On: May 28, 2026, 9:21 AM

കാനഡയിലെ ഇൻ്ററിം ഫെഡറൽ ഹെൽത്ത് പ്രോഗ്രാമിൽ വ്യാപകമായ ക്രമക്കേടുകളും ദുരുപയോഗവും നടക്കുന്നതായി കടുത്ത വിമർശനം. അഭയാർത്ഥികൾക്കും അഭയമന്വേഷിച്ച് രാജ്യത്ത് എത്തുന്നവർക്കും താൽക്കാലികമായി സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ച ഈ പദ്ധതി, കനത്ത സാമ്പത്തിക ബാധ്യതയാണ് കനേഡിയൻ നികുതിദായകർക്ക് മേൽ അടിച്ചേൽപ്പിക്കുന്നത്. എന്നാൽ, ഈ സാമ്പത്തിക ചോർച്ചയും ക്രമക്കേടുകളും ഫലപ്രദമായി തടയുന്നതിൽ ഫെഡറൽ സർക്കാർ പരാജയപ്പെട്ടുവെന്നാണ് ഇപ്പോൾ വിമർശനം ഉയരുന്നത്.

യഥാർത്ഥ ഗുണഭോക്താക്കൾക്ക് അപ്പുറം അർഹതയില്ലാത്തവർ പോലും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ചൂഷണം ചെയ്യുന്നത് രാജ്യത്തെ പൊതുജനാരോഗ്യ മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.  ആരോഗ്യ പദ്ധതിയിലെ ഇത്തരം ഗുരുതരമായ പോരായ്മകൾക്ക് നേരെ നിലവിലെ ഭരണകൂടം കണ്ണടയ്ക്കുകയാണെന്ന ആക്ഷേപം ശക്തമാവുകയാണ്.  ദുരുപയോഗം തടയുന്നതിനും കർശനമായ പരിശോധനകൾ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിൽ  ലിബറൽ പാർട്ടി തികഞ്ഞ ഉദാസീനതയാണ് കാണിക്കുന്നത് എന്നാണ് വിമർശനം.

കൃത്യമായ ഓഡിറ്റിംഗിൻ്റെയോ നിരീക്ഷണത്തിൻ്റെയോ അഭാവം മൂലം ഫണ്ട് വൻതോതിൽ ദുർവ്യയം ചെയ്യപ്പെടുന്നുണ്ടെന്നും, ഇത് കാനഡയിലെ സാധാരണക്കാരായ പൗരന്മാർക്ക് ലഭിക്കേണ്ട ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരത്തെപ്പോലും ബാധിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.