കാനഡയിൽ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നു; വൻതോതിലുള്ള കുടിയേറ്റം സ്ഥിതിഗതികൾ സങ്കീർണ്ണമാക്കുന്നതായി പോപ്പ് ഗായകൻ പോൾ ആംഗ

By: 600110 On: May 28, 2026, 9:17 AM

കാനഡയിലെ വർദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളുടെ നിരക്കും രാജ്യത്തെ നിലവിലെ കുടിയേറ്റ നയങ്ങളും തമ്മിൽ ബന്ധപ്പെടുത്തി പ്രശസ്ത കനേഡിയൻ-അമേരിക്കൻ പോപ്പ് ഗായകൻ പോൾ ആംഗ നടത്തിയ പരാമർശങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ ശ്രദ്ധ നേടുന്നു. ബിൽ മഹറിൻ്റെ പ്രശസ്തമായ 'ക്ലബ് റാൻഡം'  പോഡ്‌കാസ്റ്റിൽ പങ്കെടുത്തപ്പോഴാണ്  അദ്ദേഹം തൻ്റെ ജന്മനാട്ടിലെ ക്രമസമാധാന തകർച്ചയെക്കുറിച്ച് കടുത്ത ആശങ്ക പ്രകടിപ്പിച്ചത്.

മുൻകാലങ്ങളെ അപേക്ഷിച്ച് കാനഡയിലെ, പ്രത്യേകിച്ച് ടൊറൻ്റോ പോലുള്ള പ്രധാന നഗരങ്ങളിലെ സുരക്ഷിതത്വം പൂർണ്ണമായും നഷ്ടപ്പെട്ടുവെന്നും അവിടെ കുറ്റകൃത്യങ്ങൾ പരിധിക്കപ്പുറം വർദ്ധിച്ചിരിക്കുകയാണെന്നും ആംഗ തുറന്നടിച്ചു. രാജ്യത്തിൻ്റെ സാമൂഹിക പശ്ചാത്തലം കണക്കിലെടുക്കാതെ വൻതോതിലുള്ള കുടിയേറ്റമാണ് ഈ സാംസ്‌കാരിക പ്രതിസന്ധിക്കും സുരക്ഷാ വീഴ്ചയ്ക്കും പ്രധാന കാരണമെന്നാണ് അദ്ദേഹത്തിൻ്റെ വാദം. 

2028 വരെയുള്ള വർഷങ്ങളിൽ പ്രതിവർഷം 3.5 ലക്ഷം മുതൽ 4.2 ലക്ഷം വരെ ആളുകൾക്ക് പുതുതായി പി.ആർ അനുവദിക്കുന്ന വിപുലമായ പദ്ധതികളുമായി കനേഡിയൻ സർക്കാർ മുന്നോട്ട് പോകുന്ന പശ്ചാത്തലത്തിലാണ് ഈ തുറന്നുപറച്ചിൽ. രാജ്യത്തെ കുടിയേറ്റ പരിധിയെക്കുറിച്ചും അത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലും ക്രമസമാധാനത്തിലും ഉണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ചുമുള്ള രാഷ്ട്രീയ-സാമൂഹിക സംവാദങ്ങൾക്ക് പോൾ അങ്കയുടെ ഈ പ്രസ്താവന പുതിയ വേഗത നൽകിയിട്ടുണ്ട്.