യൂറോപ്യൻ വിപണിയിലേക്ക് ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യുന്നതിനായുള്ള ആദ്യ ദീർഘകാല കരാറിൽ കാനഡ ഒപ്പുവെച്ചു. ബ്രിട്ടീഷ് കൊളംബിയയിലെ പുതിയ പ്ലാൻ്റിൽ നിന്ന് ജർമ്മനിക്ക് എൽ.എൻ.ജി നൽകാനാണ് ധാരണയായിരിക്കുന്നത്. 2030-കളുടെ തുടക്കം മുതൽ 20 വർഷത്തേക്കാണ് ഈ കരാർ. കാനഡയുടെ ഊർജ്ജ കയറ്റുമതി രംഗം വൈവിധ്യവൽക്കരിക്കുന്നതിൽ നിർണ്ണായകമായൊരു ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ജർമ്മനിയുടെ പൊതുമേഖലാ ഊർജ്ജ കമ്പനിയായ 'സെക്യൂരിംഗ് എനർജി ഫോർ യൂറോപ്പുമായാണ്' കാനഡ കരാറിലേർപ്പെട്ടിരിക്കുന്നത്. പ്രതിവർഷം ഒരു മില്യൺ ടൺ എൽ.എൻ.ജി വീതം 20 വർഷത്തേക്ക് കാനഡ ജർമ്മനിക്ക് നൽകും. 2030 മുതൽ വിതരണം ആരംഭിക്കും. വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ അലാസ്ക അതിർത്തിയോട് ചേർന്നുള്ള പിയേഴ്സ് ദ്വീപിൽ സ്ഥാപിക്കുന്ന 'ക്സി ലിസിംസ്' പദ്ധതിയിൽ നിന്നാണ് വാതകം നൽകുന്നത്. പദ്ധതിയിലൂടെ 30 ബില്യൺ ഡോളറിലധികം നിക്ഷേപം രാജ്യത്തേക്ക് ആകർഷിക്കാൻ കഴിയുമെന്നാണ് ഫെഡറൽ സർക്കാർ കരുതുന്നത്.
വിശ്വസനീയവും കുറഞ്ഞ കാർബൺ പുറന്തള്ളുന്നതുമായ കനേഡിയൻ ഊർജ്ജത്തിന് ആഗോളതലത്തിൽ വലിയ ആവശ്യക്കാരുണ്ടെന്നതിൻ്റെ തെളിവാണ് ഈ കരാറെന്ന് പ്രകൃതിവിഭവ മന്ത്രി ടിം ഹോഡ്സൺ പറഞ്ഞു. റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ജർമ്മനി കാനഡയുമായി കൈകോർക്കുന്നത്.
തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കാനഡ-യൂറോപ്പ് ബന്ധം ശക്തമാക്കുമെന്നും കരാറിനെ അനുകൂലിക്കുന്നവർ വാദിക്കുമ്പോൾ, കടുത്ത എതിർപ്പുമായി പരിസ്ഥിതി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. ഇത്തരം വൻകിട ഫോസിൽ ഇന്ധന പദ്ധതികൾ പതിറ്റാണ്ടുകളോളം കാർബൺ പുറന്തള്ളൽ വർദ്ധിപ്പിക്കുമെന്നും, എൽ.എൻ.ജിക്ക് പകരം പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലാണ് കാനഡ നിക്ഷേപം നടത്തേണ്ടതെന്നും 'സിയറ ക്ലബ് ബി.സി' ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യപ്പെട്ടു.