അമേരിക്കയുമായുള്ള വ്യാപാരത്തെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിച്ച്, മറ്റ് ആഗോള വിപണികളിലേക്ക് കയറ്റുമതി വർദ്ധിപ്പിക്കുന്നതിൽ കാനഡയിലെ പ്രധാന നഗരങ്ങളായ ടൊറൻ്റോയും കാൽഗറിയും മുന്നിലെന്ന് പുതിയ റിപ്പോർട്ട്. കനേഡിയൻ ചേംബർ ഓഫ് കൊമേഴ്സ് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. എന്നാൽ ചില നഗരങ്ങൾ ഇപ്പോഴും യു.എസ്. വിപണിയെത്തന്നെ ആശ്രയിച്ചു തുടരുകയാണെന്നും ഇത് സാമ്പത്തിക സമ്മർദ്ദത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
യു.എസ്. ഒഴിച്ചുള്ള മറ്റ് അന്താരാഷ്ട്ര വിപണികളിലേക്കുള്ള കയറ്റുമതിയിൽ ഏറ്റവും വലിയ മുന്നേറ്റം നടത്തിയത് ഇനി പറയുന്ന നഗരങ്ങളാണ്. 64.67% വർദ്ധനവുമായി കാൽഗറിയാണ് ഇതിൽ മുന്നിലുള്ളത്. ഓട്ടവ-ഗാറ്റിനോ (64.04%), ടൊറൻ്റോ (32.82%), സാസ്കാറ്റൂൺ (32.04%) ,കെലോവ്ന (28.63%) എന്നീ നഗരങ്ങളും നേട്ടമുണ്ടാക്കി. ആകെ കണക്കെടുത്താൽ, കാനഡയിലുടനീളം യു.എസ്. ഇതര വിപണികളിലേക്കുള്ള കയറ്റുമതിയിൽ 16.8 ശതമാനത്തിൻ്റെ വളർച്ചയുണ്ടായി. 2024-നെ അപേക്ഷിച്ച് 2025-ൽ ഇത്തരത്തിലുള്ള ചരക്ക്-സേവന കയറ്റുമതിയിൽ 33 ബില്യൺ ഡോളറിൻ്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്.
എന്നാൽ ഒഷാവ, ലണ്ടൻ, കിച്ചനർ-കേംബ്രിഡ്ജ്-വാട്ടർലൂ തുടങ്ങിയ ഉൽപ്പാദന മേഖലകൾ ഇപ്പോഴും യു.എസ്. വ്യാപാരത്തെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. സ്റ്റീൽ, അലുമിനിയം, വാഹനങ്ങൾ, കാബിനറ്റുകൾ എന്നിവയ്ക്ക് മേൽ യു.എസ്. ഏർപ്പെടുത്തിയ താരിഫുകൾ ഈ മേഖലകളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യു.എസ്. ആശ്രിതത്വം കുറയ്ക്കുന്നതിനായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് 236 ബില്യൺ ഡോളറിൻ്റെ വൻകിട ഇൻഫ്രാസ്ട്രക്ചർ പദ്ധതി പ്രഖ്യാപിച്ചത്. ഊർജം, ഖനനം, ഗതാഗതം എന്നിവയ്ക്കാണ് ഇതിൽ ഊന്നൽ നൽകുന്നത്.
അടുത്ത പത്ത് വർഷത്തിനുള്ളിൽ യു.എസ്. ഇതര രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഇരട്ടിയാക്കുകയാണ് കനേഡിയൻ ഫെഡറൽ സർക്കാരിൻ്റെ ലക്ഷ്യം. യു.എസുമായുള്ള വ്യാപാര ബന്ധം എപ്പോഴും പ്രധാനപ്പെട്ടതാണെങ്കിലും, സാമ്പത്തിക ഭദ്രതയ്ക്ക് വിപണികൾ വൈവിധ്യവൽക്കരിക്കേണ്ടത് അനിവാര്യമാണെന്ന് ചേംബർ പ്രസിഡൻ്റ് കാൻഡിസ് ലാംഗ് വ്യക്തമാക്കി. കാനഡയ്ക്ക് ഇപ്പോൾ ആവശ്യം കൂടുതൽ വ്യാപാരമല്ല, മറിച്ച് ആഗോളതലത്തിൽ വ്യാപാരം നടത്തുന്ന കൂടുതൽ വ്യാപാരികളെയാണെന്നും അവർ കൂട്ടിച്ചേർത്തു.