കാൽഗറിയിൽ 2000 വർഷം പഴക്കമുള്ള ചരിത്രഅവശിഷ്ടം കണ്ടെടുത്തു; പുരാവസ്തു ഗവേഷണത്തിൽ നിർണായക വഴിത്തിരിവ്

By: 600110 On: May 27, 2026, 11:47 AM

 

കാനഡയിലെ കാൽഗറിയിലുള്ള എഡ്വർത്തി പാർക്കിൽ  യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ പുരാവസ്തു ഗവേഷണ വിഭാഗം നടത്തിയ ഖനനത്തിൽ രണ്ടായിരത്തിലേറെ വർഷം പഴക്കമുള്ള ചരിത്ര അവശിഷ്ടം കണ്ടെത്തി. തദ്ദേശീയരായ ഗോത്രവർഗ്ഗക്കാർ  യൂറോപ്യൻ അധിനിവേശത്തിന് മുൻപ് വേട്ടയാടാനായി ഉപയോഗിച്ചിരുന്ന 'പ്രൊജക്റ്റൈൽ പോയിൻ്റ്' ആണ് ഇവിടെ നിന്നും കണ്ടെടുത്തത്. യൂണിവേഴ്സിറ്റിയിലെ ആന്ത്രപ്പോളജി ആൻഡ് ആർക്കിയോളജി വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ലിൻഡ്സെ അമുൻഡ്സെൻ-മേയറുടെ നേതൃത്വത്തിൽ നടന്ന ക്യാമ്പിലാണ് വിദ്യാർത്ഥികളും സന്നദ്ധപ്രവർത്തകരും അടങ്ങുന്ന സംഘം അപൂർവ നേട്ടം കൈവരിച്ചത്.

കാൽഗറിയുടെ പ്രാചീന ചരിത്രത്തിലേക്കും മനുഷ്യവാസത്തിൻ്റെ ആഴങ്ങളിലേക്കും വെളിച്ചം വീശുന്നതാണ് ഈ കണ്ടെത്തലെന്ന് ഗവേഷകർ വിലയിരുത്തുന്നു.  വില്ലും അമ്പും പ്രചാരത്തിൽ വരുന്നതിനും മുൻപ്, പുരാതന കാലത്ത് ദൂരേക്ക് എറിഞ്ഞു വേട്ടയാടാൻ ഉപയോഗിച്ചിരുന്ന 'അറ്റ്ലാറ്റ്ൽ' എന്ന പ്രത്യേകതരം ഉപകരണത്തിൻ്റെ അഗ്രമാണിത്. ഈ പ്രദേശത്ത് രണ്ടായിരത്തിലധികം വർഷം മുൻപ് നിലനിന്നിരുന്ന തദ്ദേശീയ സംസ്കാരം മുതൽ പത്തൊൻപതാം നൂറ്റാണ്ടിലെ കർഷക വാസസ്ഥലങ്ങളും വ്യവസായശാലകളും വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ ചരിത്രപരമായ അടരുകൾ ഒരേ സ്ഥലത്ത് നിലനിൽക്കുന്നു എന്നതാണ് ഈ ഖനനത്തിൻ്റെ പ്രത്യേകതയെന്ന് പ്രൊഫസർ അമുൻഡ്സെൻ-മേയർ വ്യക്തമാക്കി.

പ്രദേശത്തെ തദ്ദേശീയ ഗോത്രവിഭാഗങ്ങളായ 'ട്രീറ്റി 7'  സമൂഹങ്ങളുമായി സഹകരിച്ചാണ് ഈ ഗവേഷണം പുരോഗമിക്കുന്നത്. നിലവിൽ ഖനനസ്ഥലത്തുനിന്നും കണ്ടെടുത്ത ഈ ചരിത്ര വസ്തുക്കൾ കൂടുതൽ ശാസ്ത്രീയമായ പഠനങ്ങൾക്കും കാറ്റലോഗ് ചെയ്യുന്നതിനുമായി യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയുടെ ലാബിലേക്ക് മാറ്റിയിരിക്കുകയാണ്.