ട്രക്കിനുള്ളിലിരുന്ന നായ അബദ്ധത്തില്‍ തോക്ക് പ്രവര്‍ത്തിപ്പിച്ചു; വഴിയാത്രക്കാരിക്ക് പരിക്ക്

By: 600002 On: May 27, 2026, 10:54 AM



പി പി ചെറിയാന്‍

നെബ്രാസ്‌ക: നെബ്രാസ്‌കയിലുള്ള സ്‌കോട്ട്‌സ്ബ്ലഫ് നഗരത്തില്‍ ട്രക്കിനുള്ളിലിരുന്ന വളര്‍ത്തുനായ അബദ്ധത്തില്‍ ഷോട്ട്ഗണ്‍ പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് വഴിയാത്രക്കാരിക്ക് വെടിയേറ്റു. ഒരു ഗ്യാസ് സ്റ്റേഷന് സമീപമുള്ള കടയ്ക്ക് മുന്നിലാണ് ഈ അപൂര്‍വ്വ സംഭവം നടന്നത്.

ട്രക്കിന്റെ ഉടമസ്ഥന്‍ പുറത്തുപോയ സമയത്ത്, പിന്‍സീറ്റിലിരുന്ന നായ ഒരു വശത്ത് നിന്ന് മറ്റേ വശത്തേക്ക് മാറിയിരിക്കുന്നതിനിടയിലാണ് സീറ്റിലുണ്ടായിരുന്ന ഷോട്ട്ഗണില്‍ അമര്‍ന്നത്. തോട്ട തിരുകിവെച്ചിരുന്ന തോക്കില്‍ നിന്ന് വെടിപൊട്ടുകയും, വാഹനം തുളച്ച് പുറത്തുവന്ന പെല്ലറ്റ് (റൗണ്ട്) സമീപത്തെ ട്രാഫിക് സിഗ്‌നലില്‍ കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയുടെ കയ്യില്‍ കൊള്ളുകയുമായിരുന്നു. 

പരിക്കേറ്റ സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമല്ല. നെബ്രാസ്‌കയിലെ നിയമപ്രകാരം വാഹനങ്ങളില്‍ തോട്ട നിറച്ച തോക്കുകള്‍ സൂക്ഷിക്കുന്നത് നിയമവിരുദ്ധമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.