പ്രസാദ് തീയാടിക്കല്‍
മില്‍ട്ടണ്‍: യുകെയിലെ മില്‍ട്ടണ്‍ കീന്‍സ് നഗരത്തില്‍ പ്രമുഖ മലയാളി ഡോക്ടറായ അച്ചാമ്മ ജോണ്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഭര്‍ത്താവിനെ ബ്രിട്ടീഷ് പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മുന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അച്ചാമ്മ ജോണ്‍ യുകെയില്‍ പ്രശസ്ത Histopathologist ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. സ്‌കിന്‍ കാന്‍സര്‍ രംഗത്തെ വിദഗ്ധയായി അവര്‍ അറിയപ്പെട്ടിരുന്നു.
ഞായറാഴ്ച വൈകുന്നേരം മില്‍ട്ടണ്‍ കീന്‍സിലെ Woolverton പ്രദേശത്തെ East Moore Drive ലുള്ള ദമ്പതികളുടെ വസതിയില്‍ നിന്നാണ് അടിയന്തര സഹായത്തിനായുള്ള സന്ദേശം പോലീസിന് ലഭിച്ചത്. സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ അച്ചാമ്മ ജോണിനെ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവസ്ഥലത്തുണ്ടായിരുന്ന 58 കാരനായ ഭര്‍ത്താവിനെ തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
എന്‍എച്ച്എസില്‍ (NHS) ഏറെ പ്രിയങ്കരിയായ ഡോക്ടറായിരുന്നു അച്ചാമ്മ ജോണ്‍. ഔദ്യോഗിക ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചിരുന്നെങ്കിലും കുടുംബജീവിതത്തില്‍ ദമ്പതികള്‍ക്കിടയില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച വൈകുന്നേരം ഉണ്ടായ കടുത്ത തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണു പ്രാഥമിക നിഗമനം.
മില്‍ട്ടണ്‍ കീന്‍സിലെ പ്രാദേശിക ദേവാലയ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന ദമ്പതികള്‍ പൊതുവേ മലയാളി സമൂഹത്തില്‍ നിന്ന് അകന്ന് ജീവിച്ചിരുന്നതായും വിവരമുണ്ട്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും അച്ചാമ്മ ജോണിന്റെ പോസ്റ്റ്‌മോര്‍ട്ടവും ഇന്‍ക്വസ്റ്റ് നടപടികളും പുരോഗമിക്കുകയാണെന്നും ബ്രിട്ടീഷ് പോലീസ് അറിയിച്ചു.