കാനഡയിൽ ചരിത്രം കുറിച്ച് യൂബർ ഡ്രൈവർമാർ; ആദ്യമായി യൂണിയൻ കരാർ സ്വന്തമാക്കി വിക്ടോറിയയിലെ തൊഴിലാളികൾ

By: 600110 On: May 27, 2026, 10:10 AM

കാനഡയിലെ ടാക്സി സർവീസ് മേഖലയിൽ ചരിത്രപരമായ നേട്ടം കൈവരിച്ച് ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയ നഗരത്തിലുള്ള യൂബർ ഡ്രൈവർമാർ. കാനഡയിലാദ്യമായി കമ്പനിയുമായി ഒരു യൂണിയൻ കരാറിൽ ഏർപ്പെടാൻ ഇവർക്ക് സാധിച്ചു. ഡ്രൈവർമാർക്ക് പുതിയ ആനുകൂല്യങ്ങളും സുരക്ഷയും ഉറപ്പു നൽകുന്നതാണ് ഈ കരാർ. എന്നാൽ, നിയമപരമായ മാറ്റങ്ങളില്ലാതെ രാജ്യത്തെ മറ്റ് നഗരങ്ങളിലേക്ക് ഈ മാതൃക വ്യാപിപ്പിക്കുന്നത് എളുപ്പമാകില്ലെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തൽ.

കഴിഞ്ഞ വർഷം യൂണിയൻ രൂപീകരിച്ച വിക്ടോറിയയിലെ ഡ്രൈവർമാർ ഏപ്രിൽ 28-നാണ് തങ്ങളുടെ ആദ്യ കൂട്ടായ കരാറിന് ഔദ്യോഗികമായി അംഗീകാരം നൽകിയത്. 'യുണൈറ്റഡ് ഫുഡ് ആൻഡ് കൊമേഴ്സ്യൽ വർക്കേഴ്സ് ലോക്കൽ 1518' എന്ന യൂണിയൻ്റെ  കീഴിലുള്ള ആയിരത്തിലധികം ഡ്രൈവർമാർക്ക് ഈ കരാറിൻ്റെ ആനുകൂല്യം ലഭിക്കും. നാല് വർഷ കാലാവധിയുള്ള ഈ കരാറിൽ യൂബർ ഈറ്റ്സ് ഡെലിവറി തൊഴിലാളികളെ ഉൾപ്പെടുത്തിയിട്ടില്ല.

കരാർ അനുസരിച്ച് ട്രിപ്പുകളുടെ എണ്ണം അടിസ്ഥാനമാക്കി സൈനിംഗ് ബോണസും ക്വാർട്ടർലി ബോണസും ലഭിക്കും. ചില നിശ്ചിത ഫീസുകളിൽ വർഷം തോറും അഞ്ച് ശതമാനത്തിൻ്റെ വർദ്ധനവും 500 ഡോളറിൻ്റെ ആരോഗ്യ ആനുകൂല്യങ്ങളും പരാതികളും തർക്കങ്ങളും പരിഹരിക്കാൻ ഔദ്യോഗിക സംവിധാനവും കരാറിൻ്റെ ഭാഗമായുണ്ട്.ഇത്തരം കരാറുകൾ യുകെയിലും ഓസ്‌ട്രേലിയയിലും നിലവിലുണ്ടെങ്കിലും കാനഡയിൽ ഇത് ആദ്യമായാണ്. എന്നാൽ വിക്ടോറിയയിലെ ഈ വിജയം രാജ്യവ്യാപകമായി ആവർത്തിക്കുക എളുപ്പമല്ലെന്ന് ലേബർ നിയമവിദഗ്ദ്ധനായ മൈക്കൽ റൈറ്റ് ചൂണ്ടിക്കാട്ടി. 

ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യ 2023-ൽ തങ്ങളുടെ തൊഴിൽ നിയമങ്ങളിൽ വരുത്തിയ മാറ്റമാണ് വിക്ടോറിയയിലെ ഡ്രൈവർമാർക്ക് തുണയായത്. ഈ നിയമപ്രകാരം ആപ്പ് അധിഷ്ഠിത തൊഴിലാളികളെ 'ജീവനക്കാരായി' അംഗീകരിച്ചിരുന്നു. എന്നാൽ ഒൻ്റാരിയോ ഉൾപ്പെടെയുള്ള കാനഡയിലെ മറ്റ് പ്രവിശ്യകളിൽ ഡ്രൈവർമാരെ ഇപ്പോഴും 'സ്വതന്ത്ര കരാറുകാർ' മാത്രമായാണ് കമ്പനി കാണുന്നത്. ഡ്രൈവർമാർ തങ്ങളുടെ ജീവനക്കാരല്ലെന്നും ഉപഭോക്താക്കളെ ബന്ധിപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോം മാത്രമാണെന്നുമാണ് യൂബറിന്റെ വാദം.