കാനഡയിൽ പുതിയ കുടിയേറ്റ പരിഷ്കരണ നിയമം പാസാക്കി; സർക്കാരിന് വിപുലമായ അധികാരങ്ങൾ

By: 600110 On: May 27, 2026, 10:01 AM

കാനഡയിലെ കുടിയേറ്റ സംവിധാനങ്ങളിൽ വൻ അഴിച്ചുപണി ലക്ഷ്യമിട്ടുള്ള ചരിത്രപരമായ 'ബിൽ സി-12' നിയമം പാർലമെൻ്റ് പാസാക്കി. വിസകൾ കൂട്ടത്തോടെ റദ്ദാക്കാനും അഭയാർത്ഥി അപേക്ഷകൾ സമർപ്പിക്കുന്നതിന് കർശനമായ സമയപരിധി നിശ്ചയിക്കാനും ഫെഡറൽ സർക്കാരിന് വിപുലമായ അധികാരം നൽകുന്നതാണ് പുതിയ നിയമം. രാജ്യത്തെ കുടിയേറ്റ നിരക്ക് നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്നാണ് പുതിയ ബില്ലിനെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ അഭയാർത്ഥികളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതാണ് ഈ നിയമമെന്നും ഇത് വലിയ നിയമപോരാട്ടങ്ങൾക്ക് വഴിവെക്കുമെന്നും മനുഷ്യാവകാശ സംഘടനകൾ മുന്നറിയിപ്പ് നൽകി.

വ്യക്തിഗതമായ പരിശോധനകൾ ഇല്ലാതെ തന്നെ വിസകൾ കൂട്ടത്തോടെ റദ്ദാക്കാൻ പുതിയ നിയമം ഫെഡറൽ സർക്കാരിന് അധികാരം നൽകുന്നുണ്ട്. യുദ്ധം, പകർച്ചവ്യാധികൾ, അല്ലെങ്കിൽ വിസ തട്ടിപ്പുകൾ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ ഇത് ആവശ്യമാണെന്ന് കുടിയേറ്റ കാര്യ മന്ത്രി ലിന മെറ്റ്‌ലെജ് ഡിയാബ് വ്യക്തമാക്കി. കാനഡയിൽ എത്തി ഒരു വർഷം കഴിഞ്ഞവർക്ക് പിന്നീട് അഭയാർത്ഥി പദവിക്കായി അപേക്ഷിക്കാൻ കഴിയില്ല. ഈ നിയമത്തിന് 2020 ജൂൺ മുതൽ മുൻകാല പ്രാബല്യം ഉണ്ടായിരിക്കും. ഇത് നിലവിൽ പരിഗണനയിലുള്ള  19,000-ത്തോളം അപേക്ഷകൾ തള്ളപ്പെടാൻ കാരണമാകും.  
 
കൺസർവേറ്റീവ് പാർട്ടിയുടെയും ബ്ലോക്ക് ക്യൂബെക്കോയിസിൻ്റെയും പിന്തുണയോടെയാണ് ബിൽ പാസായത്. എന്നാൽ എൻ.ഡി.പി  നിയമത്തെ ശക്തമായി എതിർത്തു. കുടിയേറ്റ സംവിധാനത്തിൻ്റെ സുസ്ഥിരത ഉറപ്പാക്കാൻ കാരുണ്യവും കർശനമായ നിയന്ത്രണങ്ങളും ഒരുപോലെ കൊണ്ടു പോകേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പരിഷ്കരണങ്ങളെ ന്യായീകരിച്ചുകൊണ്ട് വ്യക്തമാക്കി. ആയിരക്കണക്കിന് വ്യാജ സ്റ്റുഡൻ്റ് വിസ കേസുകൾ അന്വേഷിക്കുന്നതിൽ കുടിയേറ്റ വകുപ്പ് പരാജയപ്പെട്ടതായി ഓഡിറ്റർ ജനറൽ നേരത്തെ വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിസ്റ്റത്തിൽ പൂർണ്ണ നിയന്ത്രണം കൊണ്ടുവരാൻ സർക്കാർ ഈ നിയമം വേഗത്തിലാക്കിയത്.