കേരളത്തില്‍ നിന്നുള്ള ചക്ക, പാഷന്‍ഫ്രൂട്ട് എന്നിവയുടെ 15 മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് തുടക്കം കുറിച്ച് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്ട്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി (അപെഡ). ആദ്യ കണ്ടെയ്‌നര്‍ ചൊവ്വാഴ്ച പുറപ്പെട്ടു. ചക്ക ഉത്പന്നങ്ങള്‍ സിങ്കപ്പൂര്‍, നേപ്പാള്‍, ഖത്തര്‍, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേക്കും പാഷന്‍ ഫ്രൂട്ട്, ജാതിക്ക, ചക്ക ഉത്പന്നങ്ങള്‍ ഓസ്‌ട്രേലിയയിലേക്കുമാണ് അയയ്ക്കുന്നത്. വൈകാതെ കൂടുതല്‍ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഘട്ടം ഘട്ടമായി അപെഡ ആരംഭിക്കും.
ഓസ്‌ട്രേലിയയിലേക്കുള്ള പാഷന്‍ ഫ്രൂട്ട് ഉത്പന്നങ്ങളുടെ കയറ്റുമതി അതിന്റെ വിപണന സാധ്യത വര്‍ധിപ്പിക്കുന്നതിനുള്ള ഒരു ചുവടുവെപ്പാണെന്ന് അപെഡ വ്യക്തമാക്കി. ചക്ക, പാഷന്‍ ഫ്രൂട്ട്, ജാതിക്ക എന്നിവയുടെ ഒരു ടണ്ണിന്റെ മൂല്യവര്‍ധിത ഉത്പന്നങ്ങളാണ് മെല്‍ബണിലേക്ക് അയയ്ക്കുന്നതിനായി സംഭരിച്ചത്. ചക്ക സ്‌ക്വാഷ്, ചക്ക പൗഡര്‍, ഉണങ്ങിയ ചക്ക, ചക്ക പുട്ടു പൊടി, ചക്ക ചപ്പാത്തി പൗഡര്‍, ചക്ക ദോശ/ഇഡ്ഡലി പൊടി, ചക്ക ഉപ്പുമാവ് പൗഡര്‍, ചക്ക അച്ചാര്‍, ചക്ക ചിപ്‌സ്, ചക്കവരട്ടി, ചക്ക ഫ്രൂട്ട് പള്‍പ്, പാഷന്‍ ഫ്രൂട്ട് സ്‌ക്വാഷ്, ജാതിക്ക സ്‌ക്വാഷ്, ജാതിക്ക മിഠായി, ജാതിക്ക അച്ചാര്‍ എന്നിവയാണ് കയറ്റുമതി ചെയ്തത്.
നടപ്പു സാമ്പത്തിക വര്‍ഷം (202122) 40,000 കോടി ഡോളര്‍ മൂല്യമുള്ള ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ലക്ഷ്യത്തിലേക്കുള്ള നിര്‍ണായക പങ്ക് ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ കയറ്റുമതിയെന്ന് അപെഡ വ്യക്തമാക്കുന്നു. ചക്ക, പാഷന്‍ ഫ്രൂട്ട് ഉത്പന്നങ്ങള്‍ക്ക് ദേശീയ, അന്തര്‍ദേശീയ തലത്തില്‍ വിശാലമായ വിപണി സാധ്യതകളുണ്ട്. ഈ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമമെന്നും അപെഡ വ്യക്തമാക്കി.
Content highlight: Kerala agricultural products import to australia