കാനഡയിലെ ഭവന നിർമ്മാണ മേഖലയിലെ നിക്ഷേപത്തിൽ വൻ ഇടിവ് രേഖപ്പെടുത്തുന്നതായി ഔദ്യോഗിക കണക്കുകൾ. സിംഗിൾ-ഫാമിലി വീടുകളുടെയും മൾട്ടി-യൂണിറ്റ് ഫ്ലാറ്റ് സമുച്ചയങ്ങളുടെയും നിർമ്മാണത്തിലാണ് വൻ കുറവുണ്ടായിരിക്കുന്നത്. കാനഡയിലെ പ്രവിശ്യകളിൽ ഒൻ്റാരിയോയെയാണ് ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഭവന നിർമ്മാണ മേഖലയിലെ ഈ മന്ദഗതി 2028 വരെ തുടർന്നേക്കാമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്.
സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട മാർച്ച് മാസത്തിലെ കണക്കുകൾ പ്രകാരം, കാനഡയിലെ നിർമ്മാണ മേഖലയിലെ ആകെ നിക്ഷേപം 22.6 ബില്യൺ ഡോളറായി കുറഞ്ഞു. മുൻമാസത്തെ അപേക്ഷിച്ച് 304.6 മില്യൺ ഡോളറിൻ്റെ (1.3 ശതമാനം) ഇടിവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ റസിഡൻഷ്യൽ നിർമ്മാണ മേഖലയിലാണ് ഏറ്റവും വലിയ തിരിച്ചടിയുണ്ടായത്. കഴിഞ്ഞ വർഷം മാർച്ച് മാസത്തെ അപേക്ഷിച്ച് 2.2 ശതമാനത്തിൻ്റെ കുറവാണ് ഇതിലുണ്ടായത്. അതേസമയം വാണിജ്യ ആവശ്യങ്ങൾക്കായുള്ള നോൺ-റസിഡൻഷ്യൽ നിർമ്മാണ മേഖലയിൽ 0.6 ശതമാനത്തിൻ്റെ നേരിയ വർദ്ധനവുണ്ടായിട്ടുണ്ട്.
റസിഡൻഷ്യൽ മേഖലയിലെ നിക്ഷേപം മാർച്ചിൽ 15.5 ബില്യൺ ഡോളറായി ചുരുങ്ങി. സാധാരണ വീടുകളുടെ നിർമ്മാണം 2.1 ശതമാനം കുറഞ്ഞ് 7.2 ബില്യൺ ഡോളറിലെത്തി. ഒൻ്റാരിയോയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. തൊട്ടുപിന്നിലുള്ള ആൽബർട്ടയിൽ 59 മില്യൺ ഡോളറിൻ്റെ ഇടിവാണുണ്ടായത്.ഉയർന്ന പലിശനിരക്കും നിർമ്മാണച്ചെലവും കാരണം ബിൽഡർമാർ നേരിടുന്ന കനത്ത ബാധ്യതയും, വിപണിയിലെ കുറഞ്ഞ ഡിമാൻഡും, വിറ്റുപോകാതെ കിടക്കുന്ന വീടുകളുമാണ് പ്രതിസന്ധിക്ക് പ്രധാന കാരണം.
കോണ്ടോ നിർമ്മാണ മേഖലയാണ് ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്നത്. കാനഡയിലെ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ വീടുകൾ ലഭ്യമാക്കണമെങ്കിൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ഭവന നിർമ്മാണം ഇരട്ടിയാക്കണമെന്ന് CMHC നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇപ്പോഴത്തെ ഇടിവ് മൂലം ഈ ലക്ഷ്യം സാധ്യമാകില്ലെന്നാണ് സൂചന. ഭവന നിർമ്മാണ മേഖലയിലെ തളർച്ച രാജ്യത്തിന്റെ തൊഴിലവസരങ്ങളെയും സാമ്പത്തിക വളർച്ചയെയും ദോഷകരമായി ബാധിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.