ഭൂരിപക്ഷം ആൽബർട്ടക്കാർക്കും കാനഡയിൽ തുടരാനാണ് താല്പര്യമെന്ന് സർവ്വെ, ഹിതപരിശോധനാ ചോദ്യത്തിൽ ആശയക്കുഴപ്പം ശക്തം

By: 600110 On: May 27, 2026, 9:35 AM

കാനഡയിൽ നിന്ന് വേർപിരിയുന്നതുമായി ബന്ധപ്പെട്ട് ആൽബർട്ട പ്രവിശ്യയിൽ നടക്കാിരിക്കുന്ന ഹിതപരിശോധനാ ചോദ്യം ജനങ്ങൾക്കിടയിൽ വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി പുതിയ സർവേ റിപ്പോർട്ട്. 'ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട്' നടത്തിയ പുതിയ സർവേ പ്രകാരം ഭൂരിഭാഗം ആൽബർട്ടക്കാരും കാനഡയുടെ ഭാഗമായിത്തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.

സർവേയിൽ പങ്കെടുത്ത 60 ശതമാനം ആളുകളും കാനഡയിൽ തുടരുന്നതിനെ അനുകൂലിച്ചപ്പോൾ, 35 ശതമാനം പേർ മാത്രമാണ് വേർപിരിയൽ നടപടികളുമായി മുന്നോട്ടുപോകണം എന്ന അഭിപ്രായക്കാരായുള്ളത്. പ്രീമിയർ ഡാനിയേൽ സ്മിത്ത് പ്രഖ്യാപിച്ച ഹിതപരിശോധനാ ചോദ്യത്തിൻ്റെ ഉള്ളടക്കമാണ് ഇപ്പോൾ പ്രധാന ചർച്ചാവിഷയം. ആൽബർട്ട കാനഡയുടെ പ്രവിശ്യയായി തുടരണമോ, അതോ വേർപിരിയുന്നതിനായി നിയമപരമായ വോട്ടെടുപ്പ് നടപടികൾ ആരംഭിക്കണമോ എന്നാണ് ചോദ്യം. എന്നാൽ ഈ ചോദ്യത്തിൻ്റെ ഘടന വ്യക്തമല്ലെന്നാണ് 51 ശതമാനം ആളുകളും അഭിപ്രായപ്പെടുന്നത്. പ്രീമിയർ ഡാനിയേൽ സ്മിത്ത് വേർപിരിയൽ വിഷയം കൈകാര്യം ചെയ്യുന്ന രീതിയിൽ  56 ശതമാനം പേരും അതൃപ്തി രേഖപ്പെടുത്തി.

ഒരു പ്രവിശ്യയിലെ 30 ശതമാനത്തിലധികം ആളുകൾ രാജ്യം വിടാൻ ആഗ്രഹിക്കുന്നു എന്നത് കാനഡയെ സംബന്ധിച്ച് ഒട്ടും അവഗണിക്കാനാകാത്ത പ്രതിസന്ധിയാണെന്ന്  രാഷ്ട്രീയ നിരീക്ഷകനായ കെൻ കോട്ട്സ് വ്യക്തമാക്കി. പ്രതിപക്ഷമായ എൻ.ഡി.പി അനുഭാവികളിൽ 90 ശതമാനവും വേർപിരിയലിനെ ശക്തമായി എതിർക്കുമ്പോൾ, ഭരണകക്ഷിയായ യു.സി.പി  അനുഭാവികളിൽ 64 ശതമാനവും വേർപിരിയലിനെ അനുകൂലിക്കുകയാണ്.  

വരുന്ന ഒക്ടോബർ 19-നാണ് ആൽബർട്ടയിൽ ഈ ചരിത്രപരമായ ഹിതപരിശോധന നിശ്ചയിച്ചിരിക്കുന്നത്. വിധി എന്തുതന്നെയായാലും അത് അംഗീകരിക്കുമെന്നും വേർപിരിയൽ വാദികളും ജനാധിപത്യപരമായ ഫലം അംഗീകരിക്കാൻ തയ്യാറാകണമെന്നും പ്രീമിയർ സ്മിത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, വോട്ടെടുപ്പിൽ വേർപിരിയലിന് അനുകൂലമായ ഫലമല്ല വരുന്നതെങ്കിൽ അത് അംഗീകരിക്കാൻ വിഘടനവാദികൾ തയ്യാറാകില്ലെന്നാണ് 70 ശതമാനം ആൽബർട്ടുകാരും വിശ്വസിക്കുന്നത്. ഒക്ടോബറിൽ നടക്കാനിരിക്കുന്ന വോട്ടെടുപ്പിന് മുന്നോടിയായി ഇരുപക്ഷവും പ്രചാരണങ്ങൾ ആരംഭിച്ചുകഴിഞ്ഞു.