ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ നിന്നുള്ള ഒരു യാത്രക്കാരൻ യു.എസ്. യാത്രാവിലക്ക് ലംഘിച്ച് വിമാനത്തിൽ കയറിയതിനെത്തുടർന്ന്, പാരീസിൽ നിന്ന് ഡെട്രോയിറ്റിലേക്ക് പുറപ്പെട്ട എയർ ഫ്രാൻസ് വിമാനം കാനഡയിലെ മോൺട്രിയാലിലേക്ക് അടിയന്തിരമായി തിരിച്ചുവിട്ടു. കോംഗോ ഉൾപ്പെടെയുള്ള എബോള ബാധിത പ്രദേശങ്ങളിൽ നിന്നുള്ള യാത്രക്കാർ വാഷിംഗ്ടൺ ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളം വഴി മാത്രമേ അമേരിക്കയിൽ പ്രവേശിക്കാവൂ എന്ന കർശന നിയമം നിലനിൽക്കെ, എയർലൈൻ അധികൃതർക്ക് സംഭവിച്ച പിഴവാണ് പ്രതിസന്ധിക്ക് കാരണമായത്. ഈ യാത്രക്കാരന് അമേരിക്കയിൽ ഇറങ്ങാൻ അനുമതി നിഷേധിച്ച യു.എസ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസി, വിമാനം ഡെട്രോയിറ്റിൽ ലാൻഡിംഗ് നടത്തുന്നതും തടയുകയായിരുന്നു.
തുടർന്ന് കാനഡയിലെ മോൺട്രിയാലിൽ ഇറക്കിയ വിമാനത്തിലെ യാത്രക്കാരനെ കനേഡിയൻ ക്വാറൻ്റൈൻ ഓഫീസർമാർ പരിശോധിച്ചതിൽ രോഗലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്താത്തതിനെ തുടർന്ന് ഇയാളെ തിരികെ പാരീസിലേക്ക് തന്നെ തിരിച്ച് അയച്ചു. സാധാരണയായി ഇന്ധനക്ഷാമം, മോശം കാലാവസ്ഥ അല്ലെങ്കിൽ യാത്രക്കാരുടെ പെട്ടെന്നുണ്ടാകുന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയ അടിയന്തിര സാഹചര്യങ്ങളിലാണ് വിമാനങ്ങൾ വഴിതിരിച്ചുവിടാറുള്ളത്. എന്നാൽ വെറുമൊരു ക്ലറിക്കൽ പിഴവിന്റെ പേരിൽ ഒരു അന്താരാഷ്ട്ര വിമാനം മറ്റൊരു രാജ്യത്തേക്ക് തിരിച്ചുവിട്ടത് വ്യോമയാന വിദഗ്ദ്ധർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ഇത്തരം അഡ്മിനിസ്ട്രേറ്റീവ് പിഴവുകളെ വിമാനം തിരിച്ചുവിടാനുള്ള അടിയന്തിര സാഹചര്യമായി കണക്കാക്കാമോ എന്നതിൽ വ്യക്തത വരുത്തണമെന്ന് കാനഡയിലെ ട്രാൻസ്പോർട്ട് അധികൃതരോടും അന്താരാഷ്ട്ര വ്യോമയാന സംഘടനയോടും (ICAO) വിദഗ്ദ്ധർ ആവശ്യപ്പെടുന്നു. നിലവിൽ കാനഡയിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് പൂർണ്ണമായ യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടില്ലെങ്കിലും, ഇബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രധാന വിമാനത്താവളങ്ങളിൽ ആരോഗ്യ പരിശോധനകളും ട്രാവൽ ഹിസ്‌റ്ററി പരിശോധിക്കുന്നതും ശക്തമാക്കിയിട്ടുണ്ട്.