പി പി ചെറിയാന്‍
ലോസ് ഏഞ്ചല്‍സ്: ഇന്ത്യന്‍ ദൂര ഓട്ടക്കാരന്‍ ഗുല്‍വീര്‍ സിങ് 5000 മീറ്റര്‍ ഔട്ട്‌ഡോര്‍ ഓട്ടത്തില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചു. കാലിഫോര്‍ണിയയില്‍ നടന്ന 'സൗണ്ട് റണ്ണിങ് ട്രാക്ക് ഫെസ്റ്റില്‍' (LA Track Fest) 13:03.93 മിനിറ്റില്‍ ഓടിയെത്തി വെള്ളി മെഡല്‍ നേടിയാണ് താരം പുതിയ ചരിത്രം കുറിച്ചത്. 12:57.22 മിനിറ്റില്‍ ഒന്നാമതെത്തിയ എറിട്രിയന്‍ താരം ഹബ്‌തോം സാമുവലിനാണ് ഈ ഇനത്തില്‍ സ്വര്‍ണ്ണം.
2024 സെപ്റ്റംബറില്‍ ജപ്പാനില്‍ വെച്ച് താന്‍ തന്നെ സ്ഥാപിച്ച 13:11.82 മിനിറ്റിന്റെ റെക്കോര്‍ഡാണ് ഗുല്‍വീര്‍ മറികടന്നത്. പുതിയ നേട്ടത്തോടെ സ്വന്തം റെക്കോര്‍ഡില്‍ എട്ട് സെക്കന്‍ഡോളം സമയത്തിന്റെ കുറവ് വരുത്താന്‍ താരത്തിന് സാധിച്ചു. നിലവില്‍ ആര്‍മി സ്‌പോര്‍ട്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സുബേദാറായ ഗുല്‍വീറിന്റെ ഈ അന്താരാഷ്ട്ര നേട്ടത്തെ ഇന്ത്യന്‍ ആര്‍മി സ്‌പോര്‍ട്‌സ് വിങ് എക്‌സ് (X) പ്ലാറ്റ്ഫോമിലൂടെ പ്രശംസിച്ചു.
3000 മീറ്റര്‍, 5000 മീറ്റര്‍, 10000 മീറ്റര്‍ ട്രാക്ക് ഇനങ്ങളിലും 25 കിലോമീറ്റര്‍ റോഡ് റേസിലും ഒരേസമയം ദേശീയ റെക്കോര്‍ഡുകള്‍ കൈവശം വെക്കുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റാണ് ഗുല്‍വീര്‍ സിങ്. നിലവിലെ ഏഷ്യന്‍ ചാമ്പ്യന്‍ കൂടിയായ താരം വരാനിരിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും മെഡല്‍ നേടുകയെന്ന ലക്ഷ്യത്തോടെ യു.എസിലെ കൊളറാഡോയിലാണ് ഇപ്പോള്‍ പരിശീലനം നടത്തുന്നത്.