കൃഷിഭൂമിയിലെ അനധികൃത ട്രക്ക് യാർഡുകൾക്കെതിരെ കടുത്ത നടപടിയുമായി ഒൻ്റാരിയോ  

By: 600110 On: May 26, 2026, 11:03 AM

 

 ഒൻ്റാരിയോയിൽ ഗ്രാമീണ-കാർഷിക മേഖലകൾ കൈയേറി പ്രവർത്തിക്കുന്ന അനധികൃത ട്രക്കിംഗ് യാർഡുകൾക്കും ഡിപ്പോകൾക്കുമെതിരെ പ്രവിശ്യാ സർക്കാർ കടുത്ത നടപടികളിലേക്ക് നീങ്ങുന്നു. പുതിയ പ്ലാനിംഗ് ആക്റ്റ്  ഭേദഗതിയിലൂടെ, കോടതി നടപടികളുടെ നീണ്ട കാത്തിരിപ്പില്ലാതെ തന്നെ ഇത്തരം നിയമലംഘകർക്കെതിരെ Administrative Monetary Penalties ചുമത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്  പൂർണ്ണ അധികാരം നൽകാനാണ് ഭരണകൂടത്തിൻ്റെ  തീരുമാനം.

നിലവിൽ ജി.ടി.എ മേഖലയിലെ കലിഡൻ, ഹാൽട്ടൺ ഹിൽസ് തുടങ്ങിയ പ്രദേശങ്ങളിൽ കാർഷിക ആവശ്യങ്ങൾക്കായി നീക്കിവെച്ചിട്ടുള്ള വിലപ്പെട്ട ഭൂമി വൻതോതിൽ വാണിജ്യ ട്രക്കുകളുടെ പാർക്കിംഗ് കേന്ദ്രങ്ങളാക്കി മാറ്റുന്ന പ്രവണത വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ അടിയന്തര ഇടപെടൽ. അനധികൃതമായി പ്രവർത്തിക്കുന്ന ഇത്തരം യാർഡുകൾ മണ്ണിൽ കനത്ത പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുന്നതായും, വൻകിട വാഹനങ്ങളുടെ നിരന്തര സർവീസ് കാരണം ഗ്രാമീണ റോഡുകൾ തകരുന്നതായും അധികൃതർ ചൂണ്ടിക്കാണിക്കുന്നു.

നിലവിൽ ഇത്തരം കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ നഗരസഭകൾക്ക് ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ച് വർഷങ്ങളോളം കോടതി കയറേണ്ട അവസ്ഥയായിരുന്നു. പുതിയ നിയമം വരുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാകും. അതേസമയം, നിയമപരമായി സർവീസ് നടത്തുന്ന ട്രക്കുകൾക്ക് നേരിടുന്ന പാർക്കിംഗ് ദൗർലഭ്യം പരിഹരിക്കുന്നതിനായി പീൽ, യോർക്ക്, ഹാൽട്ടൺ തുടങ്ങിയ മുൻഗണനാ മേഖലകളിൽ സർക്കാർ വക ഭൂമി കണ്ടെത്തി പുതിയ പാർക്കിംഗ് സൗകര്യങ്ങൾ ഒരുക്കുമെന്നും ഗതാഗത മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.