കാനഡയിലെ ഒൻ്റാരിയോയിൽ ദക്ഷിണേഷ്യൻ വ്യവസായികളെയും ബിസിനസ്സ് സ്ഥാപനങ്ങളെയും ഭീഷണിപ്പെടുത്തി പണം തട്ടുകയും വെടിവയ്പ്പും തീവെപ്പും നടത്തുകയും ചെയ്ത വൻ അക്രമിസംഘം പിടിയിൽ. ഇന്ത്യക്കാരായ 17 യുവാക്കളെയാണ് പീൽ റീജണൽ പോലീസ് അറസ്റ്റ് ചെയ്തത്. "ഫോർ ബ്രദേഴ്സ്" എന്ന അന്താരാഷ്ട്ര ക്രിമിനൽ ശൃംഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് പിടിയിലായവരെന്ന് പോലീസ് സ്ഥിരീകരിച്ചു.
പീൽ റീജണൽ പോലീസിൻ്റെ നേതൃത്വത്തിൽ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ്, കാനഡ ബോർഡർ സർവീസസ് ഏജൻസി , അമേരിക്കൻ അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ, ഫിൻട്രാക് എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതികൾ വലയിലായത്. 2025 ഡിസംബറിൽ പ്രദേശത്തുണ്ടായ തുടർച്ചയായ അക്രമസംഭവങ്ങളെ തുടർന്നാണ് പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചത്. ബ്രാംപ്റ്റൻ, മിസിസാഗ, കാലിഡൺ തുടങ്ങിയ മേഖലകളിലെ റെസ്റ്റോറൻ്റുകൾ, ട്രക്കിംഗ് കമ്പനികൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ തട്ടിപ്പ്. പണം നൽകാൻ വിസമ്മതിക്കുന്നവരുടെ സ്ഥാപനങ്ങൾക്ക് നേരെ വെടിയുതിർക്കുകയോ തീയിടുകയോ ചെയ്യുകയായിരുന്നു ഇവരുടെ രീതി.
16 ആസൂത്രിത അക്രമങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 24 ഓളം സമാന സംഭവങ്ങളിൽ ഈ സംഘത്തിന് പങ്കുണ്ട്. ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ എന്നിവയ്ക്ക് പുറമെ അമേരിക്കയിലെ കാലിഫോർണിയയിലും ഈ സംഘം സജീവമായിരുന്നു. പിടിയിലായ പ്രതികളിൽ ഭൂരിഭാഗവും 21-നും 32-നും ഇടയിൽ പ്രായമുള്ളവരുമാണ്. ഇഖ്ബാൽ സിംഗ് ഭഗ്രിയ, രവീന്ദർ സിംഗ്, ദിലാവർപ്രീത് സിംഗ്, പ്രഭ്ദീപ് സോഹൽ, അജയ്ദീപ് സിംഗ്, രാജൻ സിംഗ്, ആകാശ്ദീപ് സിംഗ് എന്നിവരുൾപ്പെടെയുള്ള പ്രതികൾക്കെതിരെ എക്സ്റ്റോർഷൻ , ആയുധ നിയമം, തീവെപ്പ്, ഗൂഢാലോചന എന്നിവയുൾപ്പെടെ നൂറിലധികം കുറ്റപത്രങ്ങളാണ് ചുമത്തിയിരിക്കുന്നത്.
പ്രതികളിൽ ആറ് പേർക്കെതിരെ ക്രിമിനൽ കേസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് കടുത്ത ഇമിഗ്രേഷൻ നടപടികൾ ഉണ്ടാകും. ഇതിനകം തന്നെ കാനഡ ബോർഡർ സർവീസസ് ഏജൻസി മൂന്ന് പേരെ നാടുകടത്തിക്കഴിഞ്ഞു. രണ്ട് പേർ നിലവിൽ കസ്റ്റഡിയിലും ഒരാൾ കർശന ഉപാധികളോടെ ജാമ്യത്തിലുമാണ്. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അന്വേഷണം ശക്തമായി തുടരുകയാണെന്നും പോലീസ് അറിയിച്ചു.