ഒൻ്റാരിയോയിലെ മാർക്കാം നഗരത്തിൽ കൊച്ചുകുട്ടിക്ക് നേരെ കോയോട്ടെയുടെ ആക്രമണം. രാത്രി ഏഴരയോടെ ബ്രൂസ് ബോയ്ഡ് പാർക്കിലായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന് പിന്നാലെ പോലീസുകാർ മൃഗത്തെ പിന്തുടരാൻ ശ്രമിച്ചെങ്കിലും അത് അടുത്തുള്ള കാട്ടിലേക്ക് ഓടിമറഞ്ഞു. ഇതേ പ്രദേശത്ത് വെച്ച് ഒരാഴ്ചയ്ക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ കോയോട്ടി ആക്രമണമായതിനാൽ നാട്ടുകാർ വലിയ ഭീതിയിലാണ്.
കഴിഞ്ഞ ആഴ്ച മിങ്കേ അവന്യൂവിന് സമീപം വെച്ച് പതിനാറുകാരിയായ ഒരു പെൺകുട്ടിക്കും കോയോട്ടെയുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. മക്കോവൻ റോഡ്, 16-ാം അവന്യൂ എന്നിവയ്ക്ക് ചുറ്റുമുള്ള പ്രദേശങ്ങളിലാണ് ഇത്തരം ആക്രമണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായ ആക്രമണങ്ങളെത്തുടർന്ന് യോർക്ക് റീജണൽ പോലീസ് പ്രദേശവാസികൾക്കായി പ്രത്യേക സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. റസ്സൽ കാർട്ടർ ടെഫ്റ്റ് പാർക്ക്, ലോറി പാർക്ക്, ബെർസി പാർക്ക്, ഹെൽസി ട്രയൽ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങളിൽ പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്.
ഞായറാഴ്ച രാത്രിയുണ്ടായ ആക്രമണത്തെക്കുറിച്ച് നഗരസഭാ അധികൃതർ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് മാർക്കാം നഗരസഭ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കാനാണ് അധികൃതരുടെ തീരുമാനം. ജനങ്ങൾക്ക് ഭീഷണിയാകുന്ന ഈ വന്യമൃഗത്തെ കണ്ടെത്തുകയാണെങ്കിൽ അതിനെ ജനവാസ മേഖലയിൽ നിന്നും മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
പ്രദേശത്തെ പാർക്കുകളിലൂടെയും പൊതുവഴികളിലൂടെയും യാത്ര ചെയ്യുന്നവരും വളർത്തുമൃഗങ്ങളെ കൊണ്ടുപോകുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. കുട്ടികളെയും വളർത്തുമൃഗങ്ങളെയും ഒറ്റയ്ക്ക് വിടരുതെന്നും, പ്രത്യേകിച്ച് അതിരാവിലെയും വൈകുന്നേരങ്ങളിലും വളരെയധികം ശ്രദ്ധ പുലർത്തണമെന്നും മാതാപിതാക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.