അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ചൈനയുടെ അനധികൃത ഏജന്റായി പ്രവര്‍ത്തിച്ചതിന് പിടിയില്‍

By: 600002 On: May 26, 2026, 9:49 AM


 

പി. പി. ചെറിയാന്‍

വാഷിംഗ്ടണ്‍: ചൈനീസ് സര്‍ക്കാരിന്റെ രഹസ്യ ഏജന്റായി പ്രവര്‍ത്തിച്ചുവെന്ന കുറ്റത്തിന് പ്രമുഖ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ തോമസ് പോക്കന്‍ യു.എസില്‍ അറസ്റ്റിലായി. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി ചൈനയില്‍ താമസിക്കുന്ന ഇദ്ദേഹം, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന് വരെ കൈമാറാനായി രഹസ്യ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി നല്‍കിയെന്നാണ് എഫ്.ബി.ഐ കണ്ടെത്തല്‍.

ട്രംപ് ഭരണകൂടത്തില്‍ സ്വാധീനമുള്ള ഉദ്യോഗസ്ഥരെ ചൈനീസ് ഇന്റലിജന്‍സുമായി ബന്ധിപ്പിക്കാന്‍ തോമസ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. ഇത്തരത്തില്‍ താന്‍ ചൈനീസ് ഹാന്‍ഡ്ലര്‍ക്ക് പരിചയപ്പെടുത്തിയ ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ ചൈനയ്ക്ക് രഹസ്യവിവരങ്ങള്‍ ചോര്‍ത്തി നല്‍കാന്‍ '80 ശതമാനവും സാധ്യതയുണ്ടെന്ന്' തോമസ് എഫ്.ബി.ഐയോട് സമ്മതിച്ചതായും കോടതി രേഖകള്‍ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് തോമസിനെ എഫ്.ബി.ഐ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ ചൈനീസ് നിര്‍ദ്ദേശപ്രകാരം യു.എസ് ഉദ്യോഗസ്ഥര്‍ക്ക് ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും കൈമാറിയതായും കണ്ടെത്തി. ചൈനീസ് മാധ്യമങ്ങളില്‍ 'ടോം മക്‌ഗ്രെഗര്‍' എന്ന വ്യാജപ്പേരില്‍ എഴുതിയിരുന്ന തോമസ്, പ്രമുഖ ടെക്‌സസ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവായിരുന്ന ടോം പോക്കന്റെ മകനാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ തോമസിന് പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം.