ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ പ്രത്യാശയുടെ ആത്മീയ സന്ദേശവുമായി റവ. ഫാദര്‍ ഡോ. അലക്‌സാണ്ടര്‍ കുര്യന്‍

By: 600002 On: May 26, 2026, 9:28 AM



 

പി പി ചെറിയാന്‍

ഡിട്രോയിറ്റ്: ആഗോള പ്രാര്‍ത്ഥനാ കൂട്ടായ്മയായ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈനിന്റെ (IPL) പന്ത്രണ്ടാം വാര്‍ഷികാഘോഷ സമ്മേളന രാത്രി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ നടന്നു. കഴിഞ്ഞ 12 വര്‍ഷത്തെ പ്രാര്‍ത്ഥനാ ശുശ്രൂഷകളിലൂടെ ദൈവം നല്‍കിയ വിശ്വസ്തതയ്ക്കും വഴിനടത്തലിനും അനുഗ്രഹങ്ങള്‍ക്കുമായി പ്രാര്‍ത്ഥനാ ജനസമൂഹം ഒന്നടങ്കം യോഗത്തില്‍ നന്ദി അര്‍പ്പിച്ചു.

യു.എസ് സമയപ്രകാരം രാത്രി 9 മണിക്ക് (EST) ആരംഭിച്ച വാര്‍ഷിക സമ്മേളനത്തില്‍ വാഷിംഗ്ടണ്‍ ഡി.സി.യില്‍ നിന്നുള്ള പ്രമുഖ വചനപ്രഘോഷകന്‍ റവ. ഫാദര്‍ ഡോ. അലക്‌സാണ്ടര്‍ കുര്യന്‍ മുഖ്യാതിഥിയായിരുന്നു. സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ അദ്ദേഹം, പ്രതിസന്ധികളിലും തകര്‍ച്ചകളിലും ഉഴലുന്ന ദൈവജനത്തിന് പ്രത്യാശയും വീണ്ടെടുപ്പും പകരുന്ന ശക്തമായ ആത്മീയ സന്ദേശം പങ്കുവെച്ചു.

'പുനരുജ്ജീവനവും പുനഃസ്ഥാപനവും' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. യെശയ്യാവ് 60:22-ലെ 'ചെറിയവന്‍ ആയിരവും എളിയവന്‍ ബലമുള്ളൊരു ജാതിയും ആയിത്തീരും; യഹോവയായ ഞാന്‍ തക്കസമയത്തു അതിനെ വേഗത്തിലാക്കും' എന്ന തിരുവചനത്തെ മുന്‍നിര്‍ത്തി, തകര്‍ന്നടിഞ്ഞ സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് നേരെ ദൈവം ഒരു പുതിയ വെളിച്ചവും പുനഃസ്ഥാപനവും പ്രഖ്യാപിക്കുന്നുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

ലോകത്തിന്റെ മുന്‍പില്‍ നിസ്സാരരോ എളിയവരോ ആയി കാണപ്പെടുന്നവരെയാണ് ദൈവം വലിയ കാര്യങ്ങള്‍ക്കായി തിരഞ്ഞെടുക്കുന്നത്. മനുഷ്യന്‍ ചെറുതെന്ന് കരുതുന്ന കഴിവുകളെ ദൈവക്കരങ്ങളില്‍ ഏല്‍പ്പിക്കുമ്പോള്‍ അവന്‍ അതിനെ ആയിരമായി വര്‍ദ്ധിപ്പിക്കും.

ഏതൊരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ചും ദൈവത്തിന് കൃത്യമായ ഒരു സമയമുണ്ട്. പൂര്‍ണ്ണമായ സമര്‍പ്പണവും അനുസരണവും വഴി ദൈവം ആ അനുഗ്രഹങ്ങളെ ജീവിതത്തില്‍ വേഗത്തിലാക്കും.

'നിങ്ങള്‍ നിസ്സാരരാണെന്ന സാത്താന്റെ വ്യാജങ്ങളെ വിശ്വസിക്കരുത്. ലോകത്തിന്റെ താല്ക്കാലികവും വ്യാജവുമായ സന്തോഷങ്ങള്‍ക്ക് പിന്നാലെ പോകാതെ, നിങ്ങളുടെ കുറവുകളെയും കഴിവുകളെയും ദൈവത്തിന് സമര്‍പ്പിച്ച് അവനില്‍ മാത്രം വിശ്വസിക്കുക,' എന്ന് റവ. ഫാദര്‍ ഡോ. അലക്‌സാണ്ടര്‍ കുര്യന്‍ ആഹ്വാനം ചെയ്തു.

വചനം ശ്രവിച്ച ഏവരുടെയും മേല്‍ വലിയ വിടുതല്‍ ഉണ്ടാകണമെന്നും, അവരുടെ കുറവുകള്‍ മാറി അവര്‍ ആയിരങ്ങളായി വര്‍ദ്ധിക്കണമെന്നുമുള്ള പ്രാര്‍ത്ഥനയോടെയാണ് അദ്ദേഹം സന്ദേശം അവസാനിപ്പിച്ചത്. ദുഷ്‌കരമായ ഈ കാലഘട്ടത്തില്‍ ഒട്ടനവധി വിശ്വാസികള്‍ക്ക് വലിയ ആശ്വാസവും ആത്മീയബലവും പകരുന്നതായി മാറി ഈ വര്‍ഷത്തെ ഐ.പി.എല്‍. വാര്‍ഷിക സമ്മേളനം.