അടുത്ത മാസം ആരംഭിക്കാനിരിക്കുന്ന ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണമെൻ്റിന് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്ന കാനഡയിൽ ആവേശം വാനോളമുയർത്തി ലോകകപ്പ് ട്രോഫി ടൂർ ഓട്ടവയിലെത്തി. ഓട്ടവയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി, ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോയെയും ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം അലസാൻഡ്രോ നെസ്റ്റയെയും ഔദ്യോഗികമായി സ്വാഗതം ചെയ്തു. ചടങ്ങിൽ ഫിഫ പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി മാർക്ക് കാർണി ലോകകപ്പ് ട്രോഫി ഉയർത്തിയത് കനേഡിയൻ കായിക ചരിത്രത്തിലെ സവിശേഷമായ നിമിഷമായി മാറി.
അമേരിക്ക, മെക്സിക്കോ എന്നീ രാജ്യങ്ങളുടെ സഹകരണത്തോടെയാണ് കാനഡ ഇത്തവണ ലോകകപ്പിന് വേദിയൊരുക്കുന്നത്. കാനഡയിൽ സോക്കർ കായികരംഗത്തിൻ്റെ വളർച്ചയ്ക്കായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 75.5 കോടി ഡോളറിൻ്റെ വൻ നിക്ഷേപം സർക്കാർ നടത്തുമെന്നും, ഇതിൽ ഭൂരിഭാഗവും കുട്ടികളുടെയും യുവാക്കളുടെയും പരിശീലന പരിപാടികൾക്കായി വിനിയോഗിക്കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ടൂർണമെൻ്റിന് മുന്നോടിയായി രാജ്യത്തുടനീളം കനേഡിയൻ പതാകകൾ ഉയർത്തി ലോകത്തെ വരവേൽക്കാൻ ഫിഫ പ്രസിഡൻ്റ് ജിയാനി ഇൻഫാൻ്റിനോ രാജ്യത്തെ ജനങ്ങളോട് ആഹ്വാനം ചെയ്തു.
1986-ൽ ആദ്യമായി ലോകകപ്പ് കളിച്ചതിന് ശേഷം കാനഡയിൽ ഫുട്ബോളിന് വലിയ രീതിയിലുള്ള ജനപ്രീതിയാണ് ലഭിച്ചിട്ടുള്ളതെന്നും, ടോക്കിയോ ഒളിമ്പിക്സിലെ വനിതാ ടീമിൻ്റെ സ്വർണ്ണനേട്ടവും പുരുഷ ടീമിൻ്റെ മുന്നേറ്റങ്ങളും ഇതിന് അടിവരയിടുന്നതായും മാർക്ക് കാർണി കൂട്ടിച്ചേർത്തു. ഓട്ടവ സിറ്റി സോക്കർ ക്ലബ്ബിലെ കൗമാര താരങ്ങളുമായി സംവദിച്ച ശേഷമാണ് ലോകകപ്പ് ട്രോഫി ഔദ്യോഗികമായി പ്രദർശിപ്പിച്ചത്. ജൂൺ 12-ന് ടൊറൻ്റോയിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയ്ക്കെതിരെയാണ് ടൂർണമെൻ്റിലെ കാനഡയുടെ ആദ്യ മത്സരം .