കാനഡയിലെ കാൽഗറി നഗരത്തിൻ്റെ മുഖമുദ്രയായ 'കാൽഗറി ടവർ' അതിൻ്റെ ചരിത്രപരമായ സവിശേഷതകൾ കൊണ്ട് വീണ്ടും വാർത്തകളിൽ ഇടംപിടിക്കുകയാണ്. കാനഡയുടെ നൂറാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മാരത്തൺ റിയൽറ്റിയും ഹസ്കി ഓയിലും സംയുക്തമായി 1967 ഫെബ്രുവരിയിലാണ് ടവറിൻ്റെ നിർമ്മാണം ആരംഭിച്ചത്. 'ഹസ്കി ടവർ' എന്ന് തുടക്കത്തിൽ പേരിട്ട ഈ നിർമ്മിതിക്ക് അക്കാലത്ത് 35 ലക്ഷം ഡോളറായിരുന്നു ചിലവ്. ഇന്നത്തെ മൂല്യo ഏകദേശം 3.1 കോടിയിലധികം വരും.
കോൺക്രീറ്റും സ്റ്റീലും ഉപയോഗിച്ച് വെറും 24 ദിവസം കൊണ്ടാണ് ഇതിൻ്റെ പ്രധാന ഗോപുരം പടുത്തുയർത്തിയത്. വടക്കേ അമേരിക്കയിലെ തന്നെ ഏറ്റവും ഉയരം കൂടിയ നിർമ്മിതിയായിരുന്ന ഈ ടവർ, പടിഞ്ഞാറൻ പ്രവിശ്യകളിൽ ഭൂകമ്പത്തെ പ്രതിരോധിക്കാൻ തക്കവണ്ണം രൂപകൽപ്പന ചെയ്ത ആദ്യത്തെ കെട്ടിടം കൂടിയാണ്. മണിക്കൂറിൽ 161 കിലോമീറ്റർ വേഗതയുള്ള കാറ്റിനെപ്പോലും പ്രതിരോധിക്കാൻ ശേഷിയുള്ള ഈ ഗോപുരം 1968 ജൂണിലാണ് പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. പിന്നീട് 1971 നവംബറിലാണ് കാല്ഗറിയിലെ ജനങ്ങളോടുള്ള ആദരസൂചകമായി ഇതിനെ 'കാൽഗറി ടവർ' എന്ന് പുനർനാമകരണം ചെയ്തത്.
നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം എന്ന പദവി പിന്നീട് വന്ന ആധുനിക നിർമ്മിതികൾക്ക് മുന്നിൽ നഷ്ടമായെങ്കിലും, കാൽഗറിയുടെ പ്രൗഢി വിളിച്ചോതുന്ന പ്രധാന വിനോദസഞ്ചാര കേന്ദ്രമായി ഇത് ഇന്നും നിലകൊള്ളുന്നു. 1988-ലെ വിൻ്റർ ഒളിമ്പിക്സിനോട് അനുബന്ധിച്ച് ടവറിൻ്റെ മുകളിൽ സ്ഥാപിച്ച ഒളിമ്പിക് ദീപവും, 2005-ൽ കൂട്ടിച്ചേർത്ത ഗ്ലാസ് ഫ്ലോറും ഇവിടുത്തെ പ്രധാന ആകർഷണങ്ങളാണ്.